പൗരത്വ ദേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. എം.പി മാരുടെ നേതൃത്വത്തിൽ നടത്തുന്ന ദേശരക്ഷാ ലോംഗ് മാർച്ചിന് ഇന്ന് തുടക്കം. കെ. മുരളീധരൻ എംപി നയിക്കുന്ന ദേശരക്ഷാ ലോംഗ് മാർച്ച് ഇന്നാരംഭിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്യും.
പൗരത്വ ദേദഗതി ബില്ലിനെതിരെ കെ മുരളീധരൻ എംപി നയിക്കുന്ന ലോംഗ് മാർച്ച് ഇന്നും നാളെയും വടകര പാർലമെൻറ് മണ്ഡലത്തിൽ നടക്കും. കെ മുരളീധരൻ എംപിയെ കൂടാതെ, പാറക്കൽ അബ്ദുള്ള എം.എൽ.എയും ദേശ രക്ഷാ ലോംഗ് മാർച്ചിന് നേതൃത്വം കൊടുക്കും. കുറ്റ്യാടി മുതൽ വടകര വരെയാണ് ലോങ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചക്ക് ശേഷം രണ്ടരക്ക് കുറ്റ്യാടിയിൽ വച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ജാഥ മൊകേരി, വട്ടോളി, കക്കട്ടിൽ, കല്ലാച്ചി വഴി നാഥാപുരത്ത് സമാപിക്കും.
നാളെ രാവിലെ 9 ന് നാഥാപുരത്ത് നിന്ന് ആരംഭിച്ച്, കൈനാട്ടി വഴി വൈകിട്ട് വടകര കൊട്ടപ്പറമ്പിൽ ലോങ് മാർച്ച് സമാപിക്കും. യുഡിഎഫ് പ്രവർത്തകരും, അനുഭാവികളും, മതേതര വിശ്വാസികളും ഉൾപ്പടെ ആയിരക്കണക്കിന് പേർ മാർച്ചിൽ അണിചേരുമെന്ന് ജില്ലാ യുഡിഎഫ് നേതൃത്വം അറിയിച്ചിട്ടുണ്ട്. 6, 7 തീയതികളിൽ കോഴിക്കോട് മണ്ഡലത്തിൽ എം.കെ രാഘവൻ എംപി നയിക്കുന്ന ലോംഗ് മാർച്ചും നടക്കും.