ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ലോക്സഭയിലെയും നിയമസഭകളിലെയും സംവരണം ഒഴിവാക്കിയതിനെ സഭ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്തുതാപരമായ പഠനം നടത്താതെ സംവരണം എടുത്തുമാറ്റിയ കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കാനായി ചേർന്ന പ്രത്യേക സഭാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
രാജ്യത്ത് 3,47,000 ആംഗ്ലോ ഇന്ത്യന്‍സ് ഉണ്ടെന്ന വസ്തുത നിലനില്‍ക്കെ, 296 പേർ മാത്രമാണ് ഈ വിഭാഗത്തിലുള്ളതെന്ന കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. തെറ്റായ രീതിയിലൂടെ സംവരണം നിർത്തലാക്കിയ കേന്ദ്ര സർക്കാർ തീരുമാനം ഒരു സമൂഹത്തിനെതിരായത് മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണം കൂടിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈബി ഈഡന്‍ എം.പി വിഷയം ലോക്സഭയില്‍ ഉന്നയിച്ചപ്പോള്‍ മന്ത്രി മറുപടി പറഞ്ഞില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സാമൂഹിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ രാജ്യത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ സമൂഹമാണ് ആംഗ്ലോ ഇന്ത്യന്‍സ്. വിശാലമായ ലക്ഷ്യത്തോടെ ആലോചിച്ചെടുത്ത തീരുമാനമാണ് ഈ വിഭാഗത്തിന്‍റെ സംവരണം. ഇതിനെതിരായ കേന്ദ്ര സർക്കാർ നീക്കത്തെ നിയമസഭ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=7Ys_NkOgnYU