പൗരത്വ ഭേദഗതി നിയമം: പ്രതിപക്ഷ നേതാവ് മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു; യോഗം 29 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കന്‍റോണ്‍മെന്‍റ് ഹൗസില്‍

Jaihind News Bureau
Thursday, December 26, 2019

Rameshchennithala

തിരുവനന്തപുരം: ബി ജെ പി സര്‍ക്കാര്‍ കൊണ്ട് വന്ന വിവാദമായ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളില്‍ ഉയര്‍ന്ന ഗുരുതരമായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു. 29 ന് ഞായാറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലായിരിക്കും യോഗം. ഇന്ത്യയിലെ ജനങ്ങളെയാകെ ഭീതിയിലാഴ്തുകയും, ഭരണഘടനയുടെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പൗരത്വഭേദഗതി ബില്ലിനെതിരെ വലിയ പ്രക്ഷോഭമാണു രാജ്യത്ത് നടക്കുന്നത്. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയും ഇതിനെതിരെ പ്രക്ഷോഭരംഗത്താണ്. ഇതിന്‍റെ ഭാഗമായാണ് 29 ന് ഞായാറാഴ്ച മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രക്കുറിപ്പില്‍ വ്യക്തമാക്കി.