ആറളം വനത്തില്‍ ഉരുള്‍പൊട്ടല്‍; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

Jaihind Webdesk
Monday, September 3, 2018

Representational Image

കണ്ണൂർ: ആറളം വനത്തിൽ ഉരുൾ പൊട്ടൽ. ഉള്‍വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്ചീങ്കണ്ണിപ്പുഴയിൽ വെള്ളപ്പൊക്കമുണ്ടായി. ആറളം വന്യ ജീവി സങ്കേതത്തിന്റെ ഉൾവനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് ചീങ്കണ്ണിപ്പുഴയിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി. ഞായറാഴ്ച വൈകിട്ട് അഞ്ചരയോട് കൂടിയാണ് ചീങ്കണ്ണിപ്പുഴയിൽ പൊടുന്നനെ മലവെള്ളപ്പാച്ചിലുണ്ടായത്.

തുടര്‍ന്ന് കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ വെള്ളം കയറി. കേളകം പോലിസ് സമയോചിതമായി ഇടപെട്ട് ആളുകളെ ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അത്ര തന്നെ വെള്ളം വിവിധ ഭാഗങ്ങളിൽ ഉണ്ടായി. പ്രദേശത്ത് ഞായറാഴ്ച മഴ പെയ്യാതിരുന്നിട്ടും പുഴയിൽ അപ്രതീക്ഷിത വെള്ളപ്പൊക്കമുണ്ടായത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. വെള്ളം പൊങ്ങിയതിനെ തുടർന്ന് 4 കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റി പാർപ്പിച്ചു.