കേരള പുനര്‍നിര്‍മാണത്തിന് കണ്‍സള്‍ട്ടന്‍റായി കരിമ്പട്ടികയിലുള്ള കമ്പനി

Jaihind Webdesk
Saturday, September 1, 2018

പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തിന്റെ പുനർനിർമാണത്തിന് കൺസൾട്ടന്റായി കെ.പി.എംജി എന്ന സ്ഥാപനത്തെ ഏൽപ്പിച്ചതില്‍ വിവാദം പുകയുന്നു. ബ്രിട്ടനിൽ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ അന്വേഷണം നേരിടുകയും സൗത്ത് ആഫ്രിക്കൻ സർക്കാരിന്റെ കരിമ്പട്ടികയിലുമുള്ള കമ്പനിയെ കൺസൽട്ടന്റായി തെരഞ്ഞെടുത്തതിനെതിലാണ് വിവാദം.

നവകേരള നിർമാണത്തിന് കൺസൽട്ടന്റായാണ് നെതർലാന്റ് ആസ്ഥാനമായ കെ.പി.എം.ജി എന്ന സ്ഥാപനത്തെ ചുമതലപ്പടുത്തിയത്. സേവനം സൗജന്യമായി നൽകാൻ കമ്പനി സമ്മതിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കെ.പി.എം.ജിക്കെതിരെ ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് ആരോപണമുണ്ടായിട്ടുണ്ട്.

കവില്ലിയോൺ എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഓഡിറ്റിംഗ് നിർവഹിച്ച കെ.പി.എം.ജി ഗുരുതരമായ സാമ്പത്തിക ക്രമക്കേടിന് കൂട്ട് നിന്ന് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് സാമ്പത്തികകാര്യ റെഗുലേറ്ററി കമ്മീഷൻ കണ്ടെത്തിയിരുന്നു. സൗത്ത് ആഫ്രിക്കൻ ഭരണകൂടം കെ.പി.എം.ജിയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കിയത് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. ഇന്ത്യൻ വംശജനും സൗത്ത് ആഫ്രിക്കയിലെ ആദ്യ അഞ്ച് ധനികരിൽ ഒരാളുമായ അതുൽ ഗുപ്തയുമായി ചേർന്ന് വൻതോതിൽ സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരിലാണ് നടപടി. സൗത്ത് ആഫ്രിക്കയിലെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പല സ്വകാര്യ സ്ഥാപനങ്ങളുടെയും ഓഡിറ്റിംഗിൽ നിന്ന് കമ്പനിയെ ഒഴിവാക്കിയിട്ടുമുണ്ട്.

https://youtu.be/7Vi5hYZIP_U

ലിക്വിഡേഷൻ നടപടികൾ നേരിടുന്ന ഒരു സ്വകാര്യ കമ്പനിയുടെ ഓഡിറ്റിംഗ് നിർവഹിച്ചതിന്റെ പേരിലാണ് യു.എ.ഇ സർക്കാരിന്റെ അന്വേഷണം കെ.പി.എംജിക്കെതിരെ നടക്കുന്നത്. 2003ൽ കെ.പി.എം.ജിയുടെ അമേരിക്കൻ സ്ഥാപനമായ കെ.പി.എം.ജി എൽ.എൽ.പിയെ നികുതി വെട്ടിപ്പിന് കൂട്ടുനിന്നതിന്‍റെ പേരിൽ കുറ്റം ചുമത്തിയിരുന്നു. ഇതേതുടർന്ന് 456 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി കേസ് കെ.പി.എം.ജി അവസാനിപ്പിക്കുകയായിരുന്നു.

2017ൽ കെ.പി.എം.ജിയ്ക്ക് യു.എസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷൻ 6.2 മില്യൺ ഡോളർ പിഴ ചുമത്തി. മില്ലർ എനർജി റിസോഴ്സസ് എന്ന കമ്പനിയുടെ ഓഡിറ്റിംഗുമായി ബന്ധപ്പെട്ട നടത്തിയ ക്രമക്കേടുകൾക്കാണ് പിഴ ചുമത്തിയത്. 1987 ൽ നിലവിൽവന്ന കെ.പി.എം.ജി വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ ഓഡിറ്റിംഗ് ആണ് പ്രധാനമായും നടത്തുന്നത്.