‘രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിച്ചിരുന്ന വ്യക്തിത്വം’ ; എം.ഐ ഷാനവാസിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി

Thursday, November 21, 2019

 

രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിച്ചിരുന്ന വ്യക്തിത്വമായിരുന്നു എം.ഐ ഷാനവാസെന്ന് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്‍റെ മഹാമനസ്കതയും ദയാശീലവുമാണ് എല്ലാവരാലും ആദരിക്കപ്പെടാന്‍ ഇടയാക്കിയത്.കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്ന എം.ഐ ഷാനവാസിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

അഞ്ച് പതിറ്റാണ്ടോളം ദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു എം.ഐ ഷാനവാസ്. പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടം എടുത്തുപറയേണ്ടതാണെന്നും രാഹുല്‍ ഗാന്ധി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

ഒരു പാര്‍ലമെന്‍റേറിയന്‍ എന്ന നിലയില്‍ മണ്ഡലത്തില്‍ വിവിധങ്ങളായ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ എതിരാളികളാല്‍ പോലും ബഹുമാനിക്കപ്പെട്ട വ്യക്തിത്വമായിരുന്നു എം.ഐ ഷാനവാസെന്നും അദ്ദേഹത്തിന്‍റെ വീക്ഷണങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് എന്നും വഴികാട്ടിയാകുമെന്നും രാഹുല്‍ ഗാന്ധി അനുസ്മരണസന്ദേശത്തില്‍ പറഞ്ഞു.