ഇന്ത്യയുടെ വളർച്ചാനിരക്ക് ഇനിയും കൂപ്പുകുത്തുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. സമീപഭാവിയില്‍ തന്നെ വളര്‍ച്ചാനിരക്ക് 6 ലേക്ക് താഴുമെന്ന് ലോകബാങ്ക് തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വളർച്ചാനിരക്ക് 6.9 ശതമാനമായിരുന്നു. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് വളര്‍ച്ചാനിരക്കിലും ആശങ്കാജനകമായ സാഹചര്യം നിലനില്‍ക്കുന്നത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം ആയിരുന്ന വളര്‍ച്ചാനിരക്ക് 2018-19 കാലയളവില്‍ 6.9 ശതമാനമായി കുറയുകയായിരുന്നു. ഇത് ഇനിയും താഴേക്ക് കൂപ്പുകുത്തുമെന്ന് തന്നെയാണ് ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടുമായുള്ള ലോക ബാങ്കിന്റെ വാര്‍ഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ രണ്ടാം സാമ്പത്തിക വര്‍ഷവും കുറയുന്നതായി ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയുടെ വ്യാവസായിക മേഖല വലിയ തകർച്ചയെയാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2019-2020 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ വന്‍ തകർച്ചയാണ് വളര്ച്ചാനിരക്കിലുണ്ടായത്. 2022 ഓടെ നിലവിലെ സാഹചര്യത്തില്‍ മാറ്റമുണ്ടായേക്കാം എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.