ഇവിടൊന്നും ചോദിക്കണ്ട! വിവരാവകാശ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളത് തര്‍ക്കുത്തരങ്ങളും അപൂര്‍ണ്ണമായ മറുപടികളും

Sunday, October 13, 2019

Pinarayi-Vijayan

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള ചോദ്യങ്ങള്‍ക്ക് നല്‍കുന്നത് അപൂര്‍ണ്ണമായതും തര്‍ക്കുത്തരങ്ങള്‍ നിറഞ്ഞതുമായ മറുപടികളെന്ന് ആക്ഷേപം. പല ചോദ്യങ്ങള്‍ക്കും ഇവിടല്ല വേറേതെങ്കിലും വകുപ്പില്‍ ചോദിക്കാനാണ് മറുപടി. വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ എത്ര റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു എന്ന ചോദ്യത്തിന് ആ കമ്മീഷനില്‍ അന്വേഷിക്കാനാണ് മറുപടി. 26 ചോദ്യങ്ങള്‍ ചോദിച്ച വിവരാവകാശ പ്രവര്‍ത്തകന് ഒരെണ്ണത്തിന് മാത്രമാണ് മറുപടി പറഞ്ഞിരിക്കുന്നത്. ബാക്കിയൊക്കെയും തര്‍ക്കുത്തരങ്ങളായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ അതാത് വകുപ്പുകളിലേക്ക് ചോദ്യം കൈമാറി അപേക്ഷകന് കൃത്യമായ മറുപടി അറിയിക്കണമെന്നാണ് വിവരാവകാശ നിയമത്തില്‍ പറയുന്നത്. എന്നാല്‍ ഇവിടെ അപ്രകാരം ചെയ്യുന്നില്ലെന്ന് മാത്രമല്ല അത് കിട്ടുന്ന ഓഫീസില്‍ വേറെ അപേക്ഷ നല്‍കാനാണ് മറുപടി.

കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകനായ കെ.ഗോവിന്ദന്‍ നമ്പൂതിരിയുടെ അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറുപടികള്‍ നോക്കാം:

മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു, എത്ര ചെലവ്, നേട്ടങ്ങള്‍ എന്തൊക്കെ.

ഉത്തരം ഇവിടെ ലഭ്യമല്ല.

അപേക്ഷ പൊതുഭരണ വകുപ്പിനു കൈമാറി. പൊതുഭരണ വകുപ്പില്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രയുടെ ചെലവ് അവര്‍ക്കും അറിയില്ലെന്നാണു മറുപടി.

യൂറോപ്യന്‍ രാജ്യങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയപ്പോള്‍ എത്ര ധാരണാപത്രം ഒപ്പിട്ടു.

ഇവിടെ അറിയില്ല. ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ ചോദിക്കൂ.

മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ചെലവ് എത്ര. എത്ര ജീവനക്കാരെ നിയോഗിച്ചു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫിസില്‍ ചോദിക്കൂ.

നാം മുന്നോട്ട് എന്ന പരിപാടിയുടെ ചെലവ് എത്ര.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫിസില്‍ ചോദിക്കൂ.

മുഖ്യമന്ത്രിക്ക് എത്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ട്, അവരുടെ 3 വര്‍ഷത്തെ ചെലവ് എത്ര.

പൊതുഭരണ വകുപ്പില്‍ ചോദിക്കൂ.

മുഖ്യമന്ത്രിയുടെ ഉപദേശകര്‍ എത്ര വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, നേട്ടം എന്താണ്.

പൊതുഭരണ വകുപ്പില്‍ ചോദിക്കൂ.

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട എത്ര പേര്‍ക്ക് 10,000 രൂപ വീതം നല്‍കി, എത്ര പേര്‍ക്കു ചികിത്സാ ധനസഹായം നല്‍കി.

റവന്യൂ വകുപ്പില്‍ അപേക്ഷിക്കൂ.

പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തുക നല്‍കി, കേന്ദ്രത്തില്‍ നിന്ന് എന്തു സഹായം ലഭിച്ചു.

ധനകാര്യ വകുപ്പിനോടു ചോദിക്കൂ.

റീബില്‍ഡ് കേരളക്ക് എത്ര ചെലവായി, എത്ര ജീവനക്കാര്‍, ശമ്പളം എത്ര.

റീബില്‍ഡ് കേരള ഓഫിസില്‍ ചോദിക്കൂ.

ശബരിമല വിമാനത്താവള സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ എന്തു നടപടിയായി.

ഗതാഗത വകുപ്പില്‍ ചോദിക്കൂ.

ഈ ഉത്തരങ്ങള്‍ക്കെതിരെ അപേക്ഷകന്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്.