ഒപ്പമുണ്ട് എന്ന രാഹുല്‍ ഗാന്ധിയുടെ വാക്ക് പ്രളയജലം സര്‍വസ്വവും കവർന്നെടുത്ത ഒരു ജനതയുടെ പ്രതീക്ഷയും സാന്ത്വനവുമായി മാറുകയായിരുന്നു. ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച് അവരുടെ ആവലാതികളും നൊമ്പരങ്ങളും നെഞ്ചേറ്റി മടങ്ങിയ രാഹുല്‍ ഗാന്ധി വയനാടിന് നല്‍കിയത് അളവില്ലാത്ത സ്നേഹം. 50,000 കിലോ അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും ഉള്‍പ്പെടെ ടണ്‍ കണക്കിന് സ്നേഹമാണ് വയനാട് എം.പി രാഹുല്‍ ഗാന്ധി ജില്ലയിലെത്തിച്ചത്.
പ്രളയബാധിത മേഖലകളില്‍ രണ്ട് ദിവസം സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയിരുന്നു. വാക്കിന് മാറ്റമുണ്ടായില്ല. ഡല്‍ഹിയില്‍ മടങ്ങിയെത്തിയതിന് പിന്നാലെ അദ്ദേഹം അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കാനുള്ള നീക്കം ആരംഭിച്ചു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ടണ്‍ കണക്കിന് അവശ്യവസ്തുക്കള്‍ സംസ്ഥാനത്തേക്കെത്തിയത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ എത്തിച്ചു. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും. അഞ്ച് കിലോ അരിയും ഭക്ഷ്യവസ്തുക്കളുമടങ്ങിയ കിറ്റ് ഓരോ കുടുംബത്തിനും ലഭ്യമാക്കും. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടമായി ക്ലീനിംഗ് സാധനങ്ങള്‍ വയനാടിന് നല്‍കുന്നത്. പ്രളയദുരിതം അനുഭവിക്കുന്ന എല്ലാവർക്കും വീടുകള്‍ ക്ലീന്‍ ചെയ്യാനാവശ്യമായ വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും.
രണ്ട് ദിവസമാണ് കേരളത്തിലെ പ്രളയബാധിതമേഖലകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. ഉരുള്‍പൊട്ടലിലും പ്രളയത്തിലും എല്ലാം നഷ്ടമായി പകച്ചുനിന്ന ഒരു ജനതയ്ക്ക് ആശ്വാസവും സാന്ത്വനവുമാവുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ സാമീപ്യം. എല്ലാവരെയും ആശ്വസിപ്പിച്ച രാഹുല്‍ ഗാന്ധി എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അർഹമായ നഷ്ടപരിഹാരം നേടിനല്കുമെന്നും ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെ കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. പിന്നാലെ കര്‍ഷകരുടെ വായ്പാ തിരിച്ചടവ് കാലാവധി നീട്ടി നല്കാന് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഗവർണര്‍ക്കും അദ്ദേഹം കത്തെഴുതിയിരുന്നു. ധൃതഗതിയിലുള്ള പ്രവർത്തനങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തുമെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.