തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും അടങ്ങുന്ന സംഘം നടത്തിയ അട്ടിമറി തെളിഞ്ഞിട്ടും ഒളിച്ചുകളിച്ച് സര്‍ക്കാര്‍. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്രൈംബ്രാഞ്ചിന് നല്കി ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി തടിയൂരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ഇതു സംബന്ധിച്ച നിര്‍ദ്ദേശം ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ടി.കെ. വിനോദ് കുമാറിന് കൈമാറി.
ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ക്രമക്കേട് നടത്തിയെന്ന് തെളിഞ്ഞിട്ടും പരീക്ഷയെഴുതിയ മൂന്നുപേരെ മാത്രം പഴിചാരി പിന്നിലുള്ള ഉദ്യോഗസ്ഥ സംഘത്തെയുള്‍പ്പെടെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യക്തമാണ്.
പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് കാട്ടിയത് ഏതാനും വ്യക്തികള്‍ മാത്രമാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി. പിഎസ്്സി പരീക്ഷാ ഹാളിലേക്ക് സന്ദേശമയച്ചവരില്‍ പൊലീസുകാരനും ഉള്‍പ്പെട്ടതായി കണ്ടെത്തി. സിവില്‍ പൊലിസ് ഓഫീസര്‍ പരീക്ഷ ക്രമക്കേടില്‍ ഉള്‍പ്പെട്ട പ്രണവിന് സന്ദേശം അയച്ചവരില്‍ എസ്എപി ക്യാമ്പിലെ പൊലീസുകാരനായ ഗോകുലും ഉണ്ടെന്നാണ് പിഎസ്്സി ആഭ്യന്തര വിജിലന്‍സ് കണ്ടെത്തിയത്. പ്രണവിന്റെ നാട്ടുകാരനാണ് ഗോകുല്‍ . ഗോകുലിന്റെ ഫോണില്‍ നിന്ന് പരീക്ഷാദിവസം രണ്ടുമണി മുതല്‍ 3.15 വരെ തുടര്‍ച്ചയായി പ്രണവിന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.