കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ബി.ജെ.പി, സഖ്യസര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുകയാണെന്നും പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എം.എൽ.എമാർക്കെല്ലാം വിപ്പ് ബാധകമായിരിക്കുമെന്ന് സ്പീക്കർ രമേഷ്കുമാർ വ്യക്തമാക്കി. ഇതോടെ വിമത എം.എൽ.എമാർ വിപ്പ് ലംഘിക്കുന്ന പക്ഷം സ്പീക്കർ അവരെ അയോഗ്യരാക്കും.
ഇന്ന് സഭ ചേർന്നയുടൻ മുഖ്യമന്ത്രി കുമാരസ്വാമി ഒറ്റവരി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. വിമതർ പറയുന്ന കാര്യങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ബി.ജെ.പിയാണ് അവർക്ക് പിന്നിൽ. കുതിരക്കച്ചവടമാണ് നടന്നത്. പ്രധാനമന്ത്രിയുടെ നിർദേശം ഇതിന് പിന്നിലുണ്ട്. സഖ്യ സർക്കാരിനെ താഴെയിറക്കുമെന്ന് അദ്ദേഹം പറഞ്ഞതാണെന്നും കുമാരസ്വാമി പറഞ്ഞു. സഖ്യം നിലനിൽക്കുന്നുണ്ടോ എന്നതിനേക്കാൾ പ്രധാനം ഇതിലെ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരിക എന്നതാണ്. ജനാധിപത്യത്തിൽ വിള്ളൽ വീഴ്ത്തുന്ന ഈ ഗൂഢാലോചന ചർച്ച ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ അവകാശം നിലനില്‍ക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ രമേശ് കുമാര്‍ പറഞ്ഞു. വിശ്വാസവോട്ടിനുള്ള പ്രമേയത്തിനിടെ കോണ്‍ഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യ ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിംഗ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ അവകാശം സുപ്രീം കോടതി റദ്ദ് ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു. അംഗങ്ങൾക്ക് വിപ്പ് നൽകാനുള്ള അധികാരം രാഷ്ട്രീയ പാർട്ടികൾക്കുണ്ടെന്നും അത് നിഷേധിക്കാൻ കോടതിക്ക് ആകില്ലെന്നും സിദ്ധരാമയ്യയും പറഞ്ഞു.
വിമത എം.എൽ.എമാരടക്കം 19 പേർ ഇന്ന് സഭയിലെത്തിയിട്ടില്ലെ. ഒരു ബി.ജെ.പി എം.എൽ.എയും വിട്ടുനിൽക്കുകയാണ്. രാജിവെച്ച വിമത എം.എൽ.എ രാമലിംഗ റെഡ്ഡിസഭയിൽ എത്തി. അതേ സമയം വിശ്വാസവോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ ഇന്നുതന്നെ അവസാനിപ്പിക്കണമെന്ന് ബി.ജെ.പി നേതാവും മുൻമുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പയും ആവശ്യപ്പെട്ടു. പ്രസംഗം നീട്ടി സഭയുടെ പ്രവർത്തനസമയം വർധിപ്പിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. ഇതേച്ചൊല്ലി ഡി.കെ ശിവകുമാറും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി.
വിമത എം.എൽ.എമാരുടെ കാര്യത്തിൽ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തീരുമാനം വേണമെന്ന് കോൺഗ്രസ് നേതാവ് കൃഷ്ണ ബൈര ഗൗഡയും എച്ച്.കെ പാട്ടീലും ആവശ്യപ്പെട്ടു. ബി.ജെ.പി അംഗങ്ങൾ ഇതിനെ എതിർത്തു. സഭയിൽ വിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച ഇപ്പോഴും പുരോഗമിക്കുകയാണ്.