മധ്യപ്രദേശിൽ 70 ശതമാനം പ്രൈവറ്റ് സെക്ടർ ജോലികളിലും പ്രദേശവാസികൾക്ക് റിസർവേഷൻ നൽകുന്നതിനുള്ള നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണ് കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ. മധ്യപ്രദേശ് നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇതിനോടകം കമൽനാഥ് നടത്തിക്കഴിഞ്ഞു. ഈ നിയമ നിർമ്മാണം നടപ്പാക്കുന്നതോടെ മധ്യപ്രദേശിലെ യുവാക്കൾക്കും തൊഴിലില്ലാത്തവർക്കും ഏറെ ഗുണകരമാകുമെന്നാണ് കോൺഗ്രസ് സർക്കാർ വിലയിരുത്തുന്നത്. മധ്യ പ്രദേശിലെ സാധാരണ ജനങ്ങളോടുള്ള സർക്കാരിന്‍റെ പ്രതിബദ്ധത ആണ് ഇതോടെ തെളിയുന്നതെന്ന് കോൺഗ്രസ് ലീഡൽ കമലേശ്വർ പട്ടേൽ പറഞ്ഞു. ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നും ആളുകൾ കൂട്ടത്തോടെ മധ്യപ്രദേശിൽ സ്വകാര്യ ജോലികൾക്കായി എത്തുന്നതിനെ കമൽനാഥ് കഴിഞ്ഞ ഡിസംബറിൽ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശിലെ ആളുകൾക്ക് സ്വന്തം സംസ്ഥാനത്ത് തന്നെ 70 ശതമാനം ജോലിസംവരണം ഉറപ്പാക്കാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്.