വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ കേന്ദ്രവും കേരളവും മത്സരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര ബജറ്റില്‍ മോദി സർക്കാർ പ്രെട്രോളിയം ഇന്ധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതിന് പിന്നാലെ വൈദ്യുതി നിരക്ക് വർധിപ്പിച്ച് പിണറായി സർക്കാരും ജനത്തെ ഷോക്കടപ്പിച്ചിരിക്കുകയാണ്. വൈദ്യുതി നിരക്ക് 6.8 ശതമാനമാണ് കുത്തനെ വര്‍ധിപ്പിച്ചത്. പ്രളയം വിതച്ച കെടുതികളില്‍ നിന്ന് സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും കരകയറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു നിന്ന് ജനങ്ങളെ പിഴിയുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിലൂടെ 25 ലക്ഷം രോഗികളെയും അവരുടെ നിരാലംബരായ കുടുംബങ്ങളെയും പിണറായി സര്‍ക്കാര്‍ ദുരിതത്തിലാക്കി. ജനവിരുദ്ധ നടപടികള്‍ നടപ്പിലാക്കുന്ന ജനദ്രോഹ സർക്കാരാണ് ഇപ്പോഴുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കുറ്റപ്പെടുത്തി. അതിസമ്പന്നന്മാര്ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടിയാണ് സി.പി.എമ്മും ബി.ജെ.പിയും ഭരണം നടത്തുന്നത്.
പുതിയ വൈദ്യുതി നിരക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും നിരക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു.