കേന്ദ്ര ബജറ്റ് വിലക്കയറ്റത്തിന് ഇടയാക്കും : രമേശ് ചെന്നിത്തല

Jaihind Webdesk
Friday, July 5, 2019

Ramesh-Cehnnithala

രണ്ടാം മോദി സര്‍ക്കാരിന്‍റെ കന്നി ബജറ്റ് വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയും റോഡ് സെസും ലിറ്ററിന് ഒരു രൂപ വീതം അധികം ചുമത്തിയ ബജറ്റ് പ്രഖ്യാപനം വന്‍വിലക്കയറ്റത്തിന് കാരണമാകും. പെട്രോളിന്‍റെയും ഡീസലിന്‍റെയും പേരില്‍ വന്‍കൊള്ളയാണ് നേരത്തെ തന്നെ നടത്തി വന്നിരുന്നത്.  ഇപ്പോള്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ ഈ കൊള്ള കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ സമീപനത്തിലൂടെ വോട്ട് ചെയ്ത് അധികാരത്തില്‍ കയറ്റിയ ജനങ്ങളെ ശിക്ഷിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കേരളത്തെ പൂര്‍ണമായി ബജറ്റില്‍ അവഗണിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നല്‍കിയില്ലെന്ന് മാത്രമല്ല പ്രളയ ദുരന്തം പേറുന്ന കേരളത്തിന് ആശ്വാസം നല്‍കുന്ന യാതൊരു പ്രഖ്യാപനവുമുണ്ടായില്ല. റബറിന് താങ്ങുവില വര്‍ധിപ്പിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചില്ല. കശുവണ്ടി ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച നടപടി കശുവണ്ടി വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്‍റെ സമ്പത്ത് വാരിക്കോരി നല്‍കുന്ന മുന്‍ സമീപനം തുടരുകയാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലും കാണാനാകുന്നത്. കാര്‍ഷിക, ഫിഷറീസ് രംഗത്തെ അവഗണിക്കുകയാണുണ്ടായത്. തൊഴിലില്ലായ്മ  നിരക്ക് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന ഈ ഘട്ടത്തില്‍ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. ആദായ നികുതി നിരക്കുകള്‍ പരിഷ്‌ക്കരിക്കാതെ കബളിപ്പിക്കലാണ് നടത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.