പീഡനക്കേസിൽ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഒളിവ് ജീവിതം അവസാനിപ്പിച്ചതായി സൂചന. ബിനോയ് മുംബൈയിൽ എത്തിയതായാണ് അഭ്യൂഹം. ഇന്നലെയാണ് ബിനോയ് കോടിയേരിക്ക് മുംബൈ ദിൻഡോഷി കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
യുവതി നൽകിയ പീഡന പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയി കോടിയേരി ജാമ്യ വ്യവസ്ഥയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായി ഇന്ന് ഓഷിവാര സ്റ്റേഷനിൽ പോകുമെന്നാണ് വിവരം. കോടതി നിർദേശപ്രകാരം വരുന്ന തിങ്കളാഴ്ച ബിനോയ് ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. അതേസമയം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ മുംബൈ പോലീസ് നീക്കം നടത്തുന്നതായാണ് വിവരം. ബിനോയിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ യുവതിയുടെ കുടുംബം ഇന്ന് തീരുമാനം എടുക്കും. തിങ്കളാഴ്ച ബിനോയ് കോടിയേരി ഹാജരാകുമ്പോൾ മൊഴി എടുക്കാനാണ് പൊലീസിന്റെ നീക്കം.
കർശന വ്യവസ്ഥകളോടെയാണ് സെൻഷൻസ് ജഡ്ജ് എം.എച്ച് ഷെയ്ഖിന്റെ കോടതി ബിനോയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന പക്ഷം ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിളുകൾ നൽകണം. ഒരു മാസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകൾ മുന്നോട്ട് വെച്ചാണ് ജാമ്യം നൽകിയത്.