ഉരുട്ടിക്കൊല്ലൽ ആഭ്യന്തര വകുപ്പിന്റെ അംഗീകാരത്തോടെയുള്ള മൂന്നാംമുറയാണോയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായായി മാറി. കെ.എസ്.യു മാർച്ചിന് നേരെയുള്ള പോലീസ് അതിക്രമം ക്രൂരവും മൃഗീയവുമായിരുന്നെന്നും ഇത് സർക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.യു പ്രവർത്തകർക്ക് നേരെ നിഷ്ഠൂരമായ നടപടിയാണ് പോലീസ് നടത്തിയത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇക്കാര്യത്തിൽ മറുപടി പറയണമെന്നും വിദ്യാർത്ഥികളെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും കെ.പി.സി.സി അധ്യക്ഷൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ കച്ചവടവത്ക്കരിക്കുന്ന ഇടതുസർക്കാർ ഖാദർ കമ്മിറ്റി റിപ്പോർട്ടിലൂടെ തുഗ്ലക്ക് പരിഷ്കാരമാണ് നടത്തുന്നത്. എല്ലാ മേഖലയിലും വികലമായ നിലപാടെടുക്കുന്ന സർക്കാർ വിദ്യാഭ്യാസ മേഖലയെ പൂർണമായും തകർക്കുകയാണ് ചെയ്യുന്നത്. കൃത്യമായി ആലോചനയില്ലാതെ നടപ്പാക്കുന്ന ഈ റിപ്പോർട്ട് വിദ്യാഭ്യാസ മേഖലയെ പുറകോട്ട് വലിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചത്. നെടുങ്കണ്ടം കസ്റ്റടി മരണത്തിൽ ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇടുക്കി എസ്.പിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ആവശ്യപ്പെട്ട മുല്ലപ്പള്ളി ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ അധീനതയിലല്ലെന്നും കുറ്റപ്പെടുത്തി.
അതേ സമയം ആന്തൂർ വിഷയത്തിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. മുൻ വിധിയോടെ തയാറാക്കിയ തിരക്കഥയാണ് ആന്തൂർ വിഷയത്തിൽ സർക്കാരിന്റേതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.