നന്ദിപറയാന്‍ രാഹുല്‍ ഗാന്ധിയെത്തി; കരിപ്പൂരില്‍ ഉജ്ജ്വല സ്വീകരണം

Friday, June 7, 2019

റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു. ഇന്ന് മലപ്പുറത്തെയും നാളെ വയനാട്ടിലെയും ഞായറാഴ്ച കോഴിക്കോട്ടെയും മണ്ഡലങ്ങളിലാണ് പര്യടനം. തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ഗാന്ധിയുടെ ആദ്യ പൊതുപരിപാടിയാണ് കേരളത്തില്‍. മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മടങ്ങുക.

ആകെ 4,31,770 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ഏഴു നിയമസഭ മണ്ഡലങ്ങളും അന്‍പതിനായിരത്തില്‍ അധികം നല്‍കി ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പരസ്പരം മല്‍സരിച്ചു. കാളികാവ് ടൗണിലാണ് ആദ്യ റോഡ്‌ഷോ.
തുടര്‍ന്ന് നിലമ്പൂര്‍ ടൗണിലെ ചന്തക്കുന്ന് മുതല്‍ ചെട്ടിയങ്ങാടി വരെ തുറന്ന വാഹനത്തില്‍ വോട്ടര്‍മാരെ കാണും. പിന്നാലെ ഏറനാട് നിയമസഭ മണ്ഡലത്തിലെ എടവണ്ണയിലേക്കാണ് യാത്ര. സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ കാത്തു നില്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നന്ദി രേഖപ്പെടുത്തും. ഏറനാട്ടിലെ തന്നെ അരീക്കോടും രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയുണ്ട്. വയനാട് ജില്ലയിലെ കല്‍പറ്റ , കമ്പളക്കാട്, പനമരം, മാനന്തവാടി, പുല്‍പ്പളളി, ബത്തേരി എന്നിവിടങ്ങളില്‍ ശനിയാഴ്ചയാണ് യാത്ര.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ മുക്കത്തും ഈങ്ങാപ്പുഴയിലും ഞായറാഴ്ചയാണ് രാഹുലെത്തുക. കെപിസിസി അധ്യക്ഷന്‍ അടക്കമുളള മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പം വയനാട്ടിലുണ്ടാകും. കാലവര്‍ഷം ശക്തി പ്രാപിച്ചാല്‍ പരിപാടിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് നേതൃത്വം.