മണ്ഡലത്തിലും സ്വന്തം ബൂത്തിലും പിന്നില്‍ പോയ പ്രദീപ്കുമാറിന്റെ തോല്‍വിയില്‍ ഞെട്ടി പാര്‍ട്ടി; എം.കെ. രാഘവന്റെ ജനകീയ അടിത്തറ ഇളക്കാനാകാതെ സി.പി.എം

Monday, June 3, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സകല അടവും പയറ്റിയിട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രദീപ് കുമാര്‍ തോറ്റത് എന്തെന്ന് അമ്പരന്ന് പാര്‍ട്ടി നേതൃത്വം. പ്രദീപ്കുമാറിന്റെ കോഴിക്കോട് നോര്‍ത്തിലെ 23ാം നമ്പര്‍ ബൂത്തിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനാണ് ഭൂരിപക്ഷം നേടിയത്. യു.ഡി.എഫ് 415 വോട്ട് നേടിയ ഇവിടെ എല്‍.ഡി.എഫിന് കിട്ടിയത് ആകെ 391 വോട്ടുകളാണ്. ശക്തമായ പ്രചാരണം നടത്തിയിട്ടും പ്രദീപ്കുമാറിന്റെ നിയമസഭാ മണ്ഡലത്തിലും പിന്നിലായി. പാര്‍ട്ടിയുടെ അടിത്തറയില്‍ തകര്‍ച്ചയുണ്ടാക്കിയതാണ് ഇത് തെളിയിക്കുന്നതെന്ന വസ്തുത സി.പി.എമ്മിനെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനെ പിന്തുണച്ചിട്ടുള്ള ബൂത്താണിത്.

കോഴിക്കോട് സി.പി.എമ്മിലെ കടുത്ത വിഭാഗീയതയാണ് പരാജയത്തിലേക്ക് നയിച്ചതെന്നാണ് നേതൃത്വം കരുതുന്നത്. ഡി.വൈ.എഫ്.ഐ ദേശീയ സെക്രട്ടറി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിന് നേതൃത്വം വഹിച്ച മണ്ഡലത്തില്‍ പാര്‍ട്ടി പിന്നോട്ട് പോയതിന്റെ കാരണങ്ങള്‍ പരിശോധിക്കണമെന്ന് കീഴ്ഘടകങ്ങള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എം.കെ. രാഘവന്റെ ജനകീയ അടിത്താറ ഇളക്കാന്‍ പാര്‍ട്ടി ആവുന്ന പണി പതിനെട്ടും പയറ്റിയിരുന്നു. എന്നാല്‍ പാര്‍ട്ടി സംവിധാനങ്ങള്‍ അമ്പേ പരാജയപ്പെട്ട കാഴ്ച്ചയാണ് കോഴിക്കോട് തെരഞ്ഞെടുപ്പില്‍ കണ്ടത്.