ഹയര്‍ സെക്കണ്ടറി-ഹൈസ്‌കൂള്‍ ലയനം: അടിമുടി അവ്യക്തത; എന്ത് ചെയ്യണമെന്നറിയാതെ പ്രിന്‍സിപ്പല്‍മാര്‍

Jaihind Webdesk
Sunday, June 2, 2019

കോഴിക്കോട്: പ്രതിപക്ഷ എതിര്‍പ്പുകളെ അവഗണിച്ച് ഖാദര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ വെട്ടിലായിരിക്കുന്നത് പ്രിന്‍സിപ്പല്‍മാര്‍. ഹൈസ്‌കൂള്‍ – ഹയര്‍ സെക്കണ്ടറി ലയനം സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികള്‍ അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് അവ്യക്തതകളാല്‍ സമൃദ്ധമാണ്.
പ്രൊഫ. എം എ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആദ്യഘട്ടം പുതിയ അധ്യായന വര്‍ഷത്തില്‍ തന്നെ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ഉത്തരവുകളാണ് പ്രിന്‍സിപ്പല്‍മാര്‍ക്കുള്‍പ്പെടെ കഴിഞ്ഞ ദിവസം ലഭിച്ചത്.  പ്രതിപക്ഷത്തിന്റെയും അധ്യാപക സംഘടനകളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ഖാദര്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടിപ്പിച്ചത്.

എന്നാല്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നാണ് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ പരാതി. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒരു ഡയറക്ടറുടെ കീഴില്‍ കൊണ്ടു വരുമെന്നും ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയുമുള്ള സ്‌കൂളുകളില്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പലിനു ഭരണച്ചുമതല, ഹെഡ്മാസ്റ്ററിന് വൈസ് പ്രിന്‍സിപ്പലിന്റെ ചുമതലയെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഒന്ന് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂളിന്റെ മേധാവി പ്രിന്‍സിപ്പല്‍ ആയിരിക്കും. ഇത്തരം സ്‌ക്കൂളുകളുടെ പൊതുചുമതലയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ അക്കാദമിക ചുമതലയും ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പിലിനായിരിക്കുമെന്ന് ഉത്തരവിലുണ്ട്.
ഹൈസ്‌കൂളിന്റെയും ഹയര്‍സെക്കന്‍ഡറിയുടെയും ചുമതല നല്‍കുകയും എന്നാല്‍ ഹയര്‍സെക്കന്‍ഡറിയുടെ മാത്രം അക്കാദമിക ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നതിലൂടെ ഹൈസ്‌കൂളിന്റെ അക്കാദമിക കാര്യങ്ങളില്‍ പ്രിന്‍സിപ്പല്‍ ഇടപെടേണ്ടന്ന ധ്വനിയാണ് ഉയരുന്നത്. ഉത്തരവില്‍ അവ്യക്തത നിലനില്‍ക്കുന്നതായും പ്രിന്‍സിപ്പല്‍മാരെ വട്ടം കറക്കുന്ന തരത്തിലാണ് ലയനവുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയതെന്നും ആക്ഷേപമുണ്ട്.
നിലവില്‍ ഹൈസ്‌കൂള്‍ തലത്തിലുള്ള ഓഫീസ് സംവിധാനം ഹയര്‍സെക്കണ്ടറി വിഭാഗത്തിന് കൂടി ബാധകമായ രീതിയില്‍ പൊതുഓഫീസ് ആകും.

അനധ്യാപക സംവിധാനം ഹയര്‍സെക്കണ്ടറിയിലെ കുട്ടികളുടെ എണ്ണം കൂടി അടിസ്ഥാനപ്പെടുത്തി ആയിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ശമ്പള വിതരണത്തിന് ഏകീകൃത സംവിധാനം വരുന്നത് വരെ നിലവിലുള്ള രീതി തുടരുമെന്നും ഉത്തരവിലുണ്ട്. കൃത്യമായി പഠിച്ച് നടപ്പിലാക്കുന്നതിന് പകരം പുതിയ അധ്യായന വര്‍ഷത്തെ താറുമാറാക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നാണ് അധ്യാപക സംഘടനകള്‍ പരാതിപ്പെടുന്നത്. വാശിപിടിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന റിപ്പോര്‍ട്ട് സ്‌കൂള്‍ സംവിധാനത്തെ കീഴ്‌മേല്‍ മറയ്ക്കുമെന്ന ആശങ്കയും അധ്യാപകര്‍ പങ്കുവെക്കുന്നുണ്ട്.