തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയില്‍ അസ്വാരസ്യങ്ങള്‍ തുടരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി മലപ്പുറം സി.പി.ഐ ജില്ലാ കമ്മിറ്റി. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ രംഗത്തുവന്നത്.
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളാണ് വി. ചാമുണ്ണി, പി.പി. സുനീര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് രൂക്ഷമായ വിമര്‍ശനം ഉണ്ടായത്. ശബരിമല, മാവോയിസ്റ്റ് വിഷയങ്ങളില്‍ കാനം രാജേന്ദ്രന്റെ വായടപ്പിക്കാന്‍ പിണറായി വിജയന് ഉപയോഗിച്ച തന്ത്രം എന്തെന്ന് ചോദിച്ച ഒരു ജില്ലാ നേതാവ് വയനാട് നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ കാനം പ്രതികരിക്കാത്തതിനെയും കുറ്റപ്പെടുത്തി.
നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ പരസ്യമായ പ്രതികരണവുമായി രംഗത്തുവന്നത്. പാര്‍ട്ടിക്ക് പൊതുസ്വീകാര്യത വരുത്തിയിരുന്നു. എന്നാല്‍ വയനാട് സംഭവത്തില്‍ അതുണ്ടായില്ല. ആദ്യഘട്ടത്തില്‍ മുന്നണിയില്‍ തിരുത്തല്‍ ശക്തിയായിരുന്ന കാനം ഈ നടപടി അവസാനിപ്പിച്ചത് ശരിയായില്ല. ഇക്കാര്യത്തില്‍ പിണറായി കാനത്തിന്റെ നാക്ക് കെട്ടിയതായും ഒരു ജില്ലാ കമ്മിറ്റിയംഗം പറഞ്ഞു. ശബരിമല വിഷയത്തില്‍ ഇടതുമുന്നണിക്കും സര്‍ക്കാരിനും പാളിച്ച പറ്റി. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് സ്വന്തം ഭാര്യമാര്‍ പോലും എല്‍.ഡി.എഫിനെതിരെ വോട്ട് ചെയ്തതായി ചില ജില്ലാ കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു.
പള്ളിത്തര്‍ക്കങ്ങള്‍ ആര്.ഡി.ഒമാര്‍ കൈകാര്യം ചെയ്യുന്നതുപോലെയാണ് ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്തത്. മതവിഷയങ്ങളില്‍ മുഖ്യമന്ത്രി കാട്ടിയ തിടുക്കം അബദ്ധമായി.
പി.വി. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ സി.പി.ഐക്ക് കഴിഞ്ഞില്ല. അന്‍വര്‍ പാര്‍ട്ടിക്കെതിരെയും സുനീറിനെതിരെയും പറഞ്ഞ കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വം മൗനം പാലിച്ചു. പി.വി. അന്‍വറിന്റെ ആരോപണങ്ങളോട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പി.വി. സുനീര്‍ പ്രതികരിക്കാത്തതിനെതിരെയും ചോദ്യം ഉയര്‍ന്നു.