‘വോട്ടിംഗ് മെഷീന്‍ കടത്തുന്നു, കാണാതാവുന്നു, കേടാവുന്നു… എന്തൊക്കെയാണ് നടക്കുന്നത് ?’ : രാഹുല്‍ ഗാന്ധി

Friday, May 17, 2019
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇ.വി.എമ്മുകള്‍ പല തരത്തിലും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ നിരവധി പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ അട്ടിമറി ആരോപണം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിനിടെ രാജ്യത്തുടനീളം ആയിരക്കണക്കിന് ഇ.വി.എമ്മുകളാണ് കേടായത്. വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനകം സ്‌ട്രോംഗ് റൂമുകളില്‍ നിന്നും ട്രക്കുകളില്‍ കയറ്റി ഇ.വി.എം എങ്ങോട്ടേക്കോ മാറ്റുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് സ്ട്രോംഗ് റൂമുകളിലേക്ക് കൊണ്ടുപോകുന്ന ഇ.വി.എമ്മുകള്‍ യാത്രാമധ്യേ കാണാതാവുന്നു. എന്തെല്ലാമാണ് ഇവിടെ നടക്കുന്നത്? – രാഹുല്‍ ചോദിച്ചു.

വോട്ടിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. ഏറ്റവും ഗുരുതരമായ, സുപ്രധാനമായ വിഷയമാണിതെന്നും ലോക്‌സഭയില്‍ ഇക്കാര്യം തീര്‍ച്ചയായും ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുതിയ ലോക്‌സഭയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയമായി തന്നെ ഇത് അവതരിപ്പിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സുഗമമായും സത്യസന്ധമായും നടക്കേണ്ട ഒന്നാണ്. ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് തെരഞ്ഞെടുപ്പ്. അതില്‍ ഒരു സംശയമോ ആരോപണമോ ഒരു തരത്തിലും ഉയരാന്‍ പാടില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ നടക്കുന്നത് ബി.ജെ.പി സ്‌പോണ്‍സേഡ് അക്രമമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.