50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷ ഹര്‍ജി സുപ്രീംകോടതി തള്ളി

Jaihind Webdesk
Tuesday, May 7, 2019

VVPAT

ന്യൂഡല്‍ഹി : 50 ശതമാനം വോട്ടു രസീതുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളി. 21 പാര്‍ട്ടികളാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. വിവിപാറ്റ് യന്ത്രങ്ങളില്‍ കഴിഞ്ഞ ഘട്ടങ്ങളിലെ പോളിംഗിനിടെ വ്യാപകമായ ക്രമക്കേടുകളും തകരാറുകളും കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പുനഃപരിശോധനാ ഹര്‍ജി.

50 ശതമാനം വോട്ടു രസീതുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചതിനെ തുടര്‍ന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇത് പോരെന്നാണ് പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. വ്യാപകമായ ഇവിഎം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടി.

കേരളത്തില്‍ കോണ്‍ഗ്രസിന് കുത്തിയ വോട്ടുകള്‍ ബിജെപിക്ക് വീണതായി പരാതി ഉയര്‍ന്നെന്നും, സമാനമായ പരാതികള്‍ ഉത്തര്‍പ്രദേശില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ പ്രതിപക്ഷം ഉന്നയിച്ചു. ജനാധിപത്യത്തില്‍ എല്ലാവരേയും കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഒരു മണ്ഡലത്തിലെ അഞ്ച് വിവി പാറ്റുകള്‍ എണ്ണണമെന്ന് വിധി പുറപ്പെടുവിച്ചത്.