50 % വിവി പാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹർജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു

Friday, May 3, 2019

VVPAT

50 ശതമാനം വിവി പാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. പുനഃപരിശോധനാ ഹർജിയിൽ അടുത്തയാഴ്ച വാദം കേൾക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിണിക്കുന്നത്. 21 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്.

വിവി പാറ്റുകളില്‍ പകുതി എണ്ണണെമന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വീതം വിവി പാറ്റ് മെഷീനുകൾ എണ്ണിയാൽ മതിയെന്നായിരുന്നു കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കൂടി അഭിപ്രായം കൂടി തേടിയിട്ടായിരുന്നു കോടതിയുടെ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പ് നടന്ന ചില സംസ്ഥാനങ്ങളിലെ വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടന്നെന്നും അതിനാല്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയാണ് കോടതി ഫയലില്‍ സ്വീകരിച്ചത്. ഹര്‍ജി കോടതി അംഗീകരിച്ചാല്‍ ഫലപ്രഖ്യാപന ദിവസത്തില്‍ മാറ്റമുണ്ടായേക്കാന്‍ സാധ്യതയുണ്ട്.