ധനലക്ഷ്മി ബാങ്ക് ബോണ്ട് വിവാദം: സത്യവാങ്മൂലത്തിലെ തെറ്റ് സമ്മതിച്ച് എ പദ്മകുമാര്‍

Jaihind Webdesk
Sunday, April 28, 2019

Padmakumar-Devaswom-President

ധനലക്ഷ്മി ബാങ്ക് ബോണ്ട് വിവാദത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ തെറ്റ് സമ്മതിച്ച് ദേവസ്വം പ്രസിഡന്‍റ് എ പദ്കുമാർ. സാഹചര്യം അന്വേഷിച്ച് നടപടി എടുക്കുമെന്ന് പദ്മകുാര്‍ പറഞ്ഞു. പുതിയ സത്യവാങ്മൂലം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

പി.എഫ് ഫണ്ടിലെ 150 കോടി രൂപ ബോണ്ടിൽ നിക്ഷേപിച്ചതിനെ തുടർന്ന് നൽകിയ സത്യവാങ്മൂലത്തിൽ ഭഗവാൻ അയ്യപ്പനെ മറയാക്കി വിചിത്രവാദമാണ് ബോർഡ് നൽകിയത്. പ്രളയവും യുവതീപ്രവേശന വിധിയും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് അയ്യപ്പൻ മുൻകൂട്ടി കണ്ടതിനാലാണ് പി.എഫ് ഫണ്ടിലെ 150 കോടി രൂപ ബോണ്ടിൽ നിക്ഷേപിച്ചതെന്ന വിചിത്ര വാദമാണ് ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്. ജീവനക്കാരുടെ പി.എഫ് തുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നഷ്ടസാധ്യതയുള്ള ധനലക്ഷ്മി ബാങ്കിന്‍റെ ബോണ്ടിൽ നിക്ഷേപിച്ചത്. ഈ സംഭവത്തിൽ വിമർശനമുയർന്ന് ഹൈക്കോടതിയുടെ മുന്നിലെത്തിയപ്പോഴാണ് ന്യായീകരിക്കാൻ ബോർഡ് അയ്യപ്പന്‍റെ പേര് കൂട്ടുപിടിച്ചത്.

യുവതീ പ്രവേശം, പ്രളയം തുടങ്ങിയ പ്രതിസന്ധികൾ ഉണ്ടാകുന്നതിന് മുമ്പാണ് പി.എഫ് ഫണ്ടിലെ പണം ധനലക്ഷ്മി ബാങ്കിന്‍റെ ബോണ്ടിൽ നിക്ഷേപിക്കാൻ ബോർഡ് തീരുമാനമെടുത്തത്. തീരുമാനം വിവാദമായപ്പോഴാണ് എല്ലാം അയ്യപ്പന്‍റെ പേരിൽ ചുമത്തി തലയൂരാന്‍ ശ്രമിച്ചത്. വീഴ്ച മറക്കാൻ അയ്യപ്പനെ കൂട്ട് പിടിച്ച ബോർഡ് പക്ഷെ പ്രപഞ്ചത്തിലാർക്കും ഭാവി സുരക്ഷിതമാക്കാൻ സാധിക്കില്ലെന്ന തത്വശാസ്ത്രവും വിളമ്പിയെന്നതാണ് ഏറെ രസകരം. ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന മറ്റ് ബദൽ നിക്ഷേപമാർഗങ്ങൾ ലഭ്യമല്ലെന്ന് പറഞ്ഞും ബോണ്ടിലെ നിക്ഷേപത്തെ പറ്റി ബോർഡ് ന്യായീകരിച്ചിരുന്നു.

സംഭവം വിവാദമായതോടെ ഇങ്ങനെയൊരു വിചിത്രവാദം സത്യവാങ്മൂലത്തിൽ എഴുതിയ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. ഇപ്പോഴുള്ള പരാമർശങ്ങൾ തിരുത്തി പുതിയ സത്യവാങ്മൂലം നൽകുമെന്നും പദ്മകുമാർ വ്യക്തമാക്കി.