കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ ; മെയ് 23 ന് കാവല്‍ക്കാരന്‍റെ വിധി ജനങ്ങള്‍ തീരുമാനിക്കും: രാഹുല്‍ ഗാന്ധി

Monday, April 22, 2019

കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവന്‍റെ പണം ധനവാനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും. മെയ് 23ന് കാവല്‍ക്കാരന്‍റെ വിധി ജനകീയ കോടതി തീരുമാനിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അമേത്തിയിൽ തെരഞ്ഞടുപ്പ് യോഗത്തിൽ സംസാരിക്കുകായിരുന്നു രാഹുൽ ഗാന്ധി.

നരേന്ദ്ര മോദി സർക്കാർ മാധ്യമങ്ങളെ അടിച്ചമർത്തുകയാണ്. പക്ഷേ, 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം നിങ്ങൾക്ക് എന്താണോ തോന്നുന്നത്, അത് എഴുതാം. എനിക്കെതിരെയും എഴുതാം. ഒന്നും സംഭവിക്കില്ല – രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസാണ് കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതെങ്കിൽ നിങ്ങള്‍ക്ക് യാതൊരു ഭയവും കൂടാതെ ഞങ്ങളുടെ സർക്കാരിനെ വിമർശിക്കാം. ഇപ്പോൾ മാധ്യമങ്ങൾ ചിരിക്കുകയായിരിക്കും. കാരണം മാധ്യമങ്ങൾ സംസാരിച്ചാൽ നരേന്ദ്ര മോദി നിങ്ങളെ അടിച്ചൊതുക്കും.

കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന മോദി സർക്കാർ കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തെ ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കള്ളൻമാരെ സംരക്ഷിച്ചും അവരെ സഹായിച്ചുമാണ് മോദി അധികാരത്തിൽ തുടർന്നത്. ഞങ്ങൾ എന്തെല്ലാം നിങ്ങൾക്ക് തന്നോ അഞ്ച് വർഷം കൊണ്ട് അതെല്ലാം മോദി തിരിച്ചെടുത്തെന്നും രാഹുൽ കുറ്റപ്പെടുത്തി.