കോഴിക്കോട്: ജനമഹാറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി രാജ്യം പറയുന്നത് കേള്‍ക്കുകയോ ജനങ്ങള്‍ ആഗ്രഹിക്കുന്നത് നടപ്പാക്കുകയോ ചെയ്യുന്നില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സ്ഥാപനങ്ങളെ മോദി പിടിച്ചടക്കിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാവര്ക്കും മിനിമം വരുമാനം ഉറപ്പാക്കും. വനിതാസംവരണ ബിൽ പാസാക്കുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി സർക്കാർ ജോലിയിലും വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും വ്യക്തമാക്കി. അടിസ്ഥാനവരുമാന രേഖയുണ്ടാക്കലാണ് ആദ്യഘട്ടം. ഇതിനു കീഴില്‍വരുന്നവര്‍ക്കെല്ലാം മിനിമം വരുമാനം ബാങ്ക് അക്കൗണ്ട് വഴി നല്‍കും. പാവപ്പെട്ട കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ഒാരോ സ്ഥാപനങ്ങളും മോദി തകര്‍ത്തു. സ്വന്തം മന് കി ബാത്ത് പറയുക എന്നതല്ല ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ജോലി. കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യം കേട്ടത് ഒരാളുടെ ശബ്ദം മാത്രമാണ്. സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കുന്ന പ്രധാനമന്ത്രിയെയാണ് നമ്മള് കാണുന്നത്. രാജ്യത്തെ ജനങ്ങളുടെ അഭിപ്രായത്തിന് യാതൊരു പരിഗണനയും പ്രധാനമന്ത്രി നല്‍കുന്നില്ല. മന്ത്രിമാരോടോ സ്ഥാപനങ്ങളോടോ പോലും ഒന്നും ആലോചിക്കുന്നില്ലെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സ്ഥാപനങ്ങളെ പിടിച്ചടക്കുകയാണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്. ജനങ്ങള്‍ക്കായാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിലകൊള്ളുന്നത്. ജനങ്ങളുടെ വികാരത്തിന് കോണ്‍ഗ്രസ് പ്രഥമപരിഗണന നല്കുന്നു. രാജ്യത്തിനുമേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.