അവിശ്വാസ പ്രമേയ ചർച്ച : പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Saturday, July 21, 2018

അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റാഫേൽ ഇടപാടിൽ നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരേപണം ഉന്നയിച്ച രാഹുൽ രാജ്യ രക്ഷയിൽ നരേന്ദ്രമോദി വിട്ടുവീഴ്ച നടത്തിഎന്ന് കുറ്റപ്പെടുത്തി. വാഗ്ദാനങ്ങൾ നൽകി ബിജെപി യുവാക്കളെ വഞ്ചിച്ചുവെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തെ കർഷകർ യുവാക്കൾ ദളിതർ എല്ലാവരേയും മോദി സർക്കാർ വഞ്ചിച്ചെന്ന് കുറ്റപ്പെടുത്തി ആയിരുന്നു രാഹുൽഗാന്ധി പ്രസംഗം തുടങ്ങിയത്. ഓരോരുത്തരുടേയും ബാങ്ക് അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞ 15 ലക്ഷം രൂപ എവിടെ പോയെന്ന് രാഹുൽ ചോദിച്ചു. വർഷം 2 കോടി യുവാക്കൾക്ക് തൊഴിൽ കൊടുക്കാമെന്ന് പറഞ്ഞു. എന്നാൽ നാലായിരം പേർക്ക് പോലും തൊഴിൽ നൽകിയില്ല. കഴിഞ്ഞ 7 വർഷത്തിനിടെ രാജ്യത്ത് ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന് പറഞ്ഞ രാഹുൽ മോദിയുടേത് വാക്ക് പാലിക്കാത്ത സർക്കാരാണെന്നും വിമർശിച്ചു.

https://youtu.be/xyAwO5i_lmU

നോട്ട് നിരോധനം രാജ്യത്തെ തകർത്തെന്ന് രാഹുൽ പറഞ്ഞു. അമിത്ഷാക്കും മകനുമെതിരെ രാഹുൽഗാന്ധി നടത്തിയ ആരോപണം സഭയെ പ്രക്ഷുബ്ധമാക്കി.

പ്രധാനമന്ത്രിയും ബിസിനസുകാരും തമ്മിൽ അവിശുദ്ധ ബന്ധമാണ്. റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി മറുപടി പറയണം. ഇടപാടിന്റെ വിശദാംശങ്ങൾ പുറത്തു വിടാനാകില്ലെന്ന് സർക്കാർ കള്ളം പറഞ്ഞതാണ്. ഇടപാടിൽ രഹസ്യങ്ങൾ ഇല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് പറഞ്ഞെന്ന് രാഹുൽഗാന്ധി സഭയെ അറിയിച്ചു.

സ്ത്രീകൾക്ക് രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറി. സ്ത്രീകൾക്ക് വേണ്ടി പ്രധാനമന്ത്രി ശബ്ദിക്കുന്നില്ല. സ്ത്രീകൾ സുരക്ഷിതരല്ലെന്ന അന്താരാഷ്ട്ര സർവെ രാഹുൽ ഓർമ്മിപ്പിച്ചു.

മോദിയും അമിത്ഷായും അധികാര ദുർവിനിയോഗം നടത്തുകയാണ്. ഭരണഘടനയും ജനാധിപത്യവും ആക്രമിക്കപ്പെട്ടു. കലാപങ്ങളിൽ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി പ്രതിച്ഛായ നിർമ്മിക്കാൻ വൻ തുക ചിലവാക്കിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.