പ്രളയപുനരുദ്ധാരണം മറന്ന സംസ്ഥാന സർക്കാരിന്റെ കോടികൾ മുടക്കിയുള്ള ആയിരം ദിനങ്ങളുടെ ആഘോഷം തള്ളിക്കളഞ്ഞ് കേരളത്തിന്റെ പൊതുസമൂഹം. കോഴിക്കോട് നടത്തിയ ഉദ്ഘാടന മാമാങ്കത്തിന് ഒഴിഞ്ഞ കസേരകളായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാനുണ്ടായിരുന്നതെങ്കിൽ സമാപനം നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ സ്റ്റാളുകൾ സന്ദർശിക്കാനും പൊതുജനങ്ങളെത്തുന്നില്ല. ഇടതുമുന്നണിയുടെ ദുർഭരണത്തോട് ജനങ്ങൾക്കുള്ള കൃത്യമായ അവമതിപ്പാണ് ഇത് തെളിയിക്കുന്നത്.
ഇതാണ് സംസ്ഥാന സർക്കാർ ഭരണത്തിന്റെ ആയിരം ദിനങ്ങളുടെ സമാപന സമ്മേളനം നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ അവസ്ഥ. സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ സന്ദർശിക്കാനോ ആയിരം ദിനങ്ങൾ ഭരിച്ച ഇടതുസർക്കാരിന്റെ നേട്ടങ്ങളറിയാനോ ഇവിടേയ്ക്ക് എത്തുന്നത് ചുരുക്കം ചിലർ മാത്രം. സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാന ഖജനാവ് കാലിയായതോടെ ട്രഷറി സ്തംഭനം തുടരുന്ന സംസ്ഥാനത്താണ് കോടികൾ ചെലവഴിച്ച് ഇത്തരം ധൂർത്ത് സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ഉദ്ഘാടന മാമാങ്കത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ കേൾക്കാനുണ്ടായിരുന്നത് ഒഴിഞ്ഞ കസേരകൾ മാത്രമായിരുന്നു.
ഈ മാസം 27ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിലേക്ക് ഉദ്യോഗസ്ഥരെയടക്കമെത്തിച്ച് കൊഴുപ്പിക്കാനാവും സർക്കാരിന്റെ നീക്കം. ആയിരം ദിനങ്ങൾ ഭരിച്ച സർക്കാരിന്റെയും അതിന് പിന്തുണ നൽകിയ സി.പി.എമ്മിന്റെയും നേട്ടങ്ങൾക്ക് കാസർകോട്ടെ അമ്മമാരുടെ മറുപടിയാണിത്.
ജാതി-മത -രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ കേരളം കൈകോർത്ത് പിടിച്ചാണ് സമാനതകളില്ലാത്ത പ്രളയത്തിൽ നിന്നും കരകയറിയത്. എന്നാൽ പ്രളയപുനരുദ്ധാരണമെന്ന വീമ്പ് പറച്ചിൽ മാത്രമാണ് സർക്കാർ ജനങ്ങൾക്ക് നൽകിയത്.
ആയിരം ദിനങ്ങൾ അഘോഷിക്കാൻ ഒരുക്കിയ ഈ സ്റ്റാളുകളിലേക്ക് പൊതുജനങ്ങൾ എത്താത്തത് മറ്റൊന്നും കൊണ്ടല്ല. അത്രയേറെ ചെറുപ്പക്കാരുടെ ചോര മണക്കുന്ന ദിനങ്ങളാണ് ഇടതുമുന്നണി ഭരണം ആയിരം ദിനങ്ങളിലൂടെ സംസ്ഥാനത്തിന് നൽകിയത്.
അതിന്റെ വേദനയേറ്റു വാങ്ങിയ പൊതുസമൂഹം സി.പി.എമ്മിന്റെ മാടമ്പിത്തത്തിനും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നിറഞ്ഞ സമീപനങ്ങൾക്കുമുള്ള മറുപടിയാണ് ഇത്തരം നിസ്സഹകരണത്തിലൂടെ മുന്നോട്ട് വെയ്ക്കുന്നത്.
https://youtu.be/kWyhtI1w4jM