റാഫേൽ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധി. റാഫേൽ ഇടപാടുമായി ബന്ധമില്ലെന്നു മനോഹർ പരീക്കർ പറഞ്ഞതായി രാഹുൽ വ്യക്തമാക്കി. പനാജിയിൽ മനോഹർ പരീക്കറെ സന്ദർശിച്ച ശേഷമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
റാഫേൽ കരാറുമായി തനിക്കു ബന്ധമില്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് അനിൽ അംബാനിക്കു മാത്രം നേട്ടമുണ്ടാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രണം ചെയ്ത പുതിയ റാഫേൽ കരാറുമായി യാതൊരു ബന്ധവുമില്ലെന്ന് മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കർ വ്യക്തമാക്കി എന്നായിരുന്നു രാഹുലിന്റെ പരാമർശം. പനാജിയിൽ മനോഹർ പരീക്കറെ സന്ദർശിച്ച ശേഷം പാർട്ടി പ്രവർത്തകരോടു സംസാരിക്കവെയാണ് രാഹുൽ വീണ്ടും റാഫേൽ വിഷയം ഉന്നയിച്ചത്.
റഫാൽ ഇടപാടിൻറെ രേഖകൾ മുൻ കേന്ദ്രമന്ത്രിയും നിലവിൽ ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കരിൻറെ പക്കലുണ്ടെന്ന ഗോവൻ മന്ത്രി വിശ്വജിത് റാണയുടെ വെളിപ്പെടുത്തൽ ശരിയാണെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ ടേപ്പ് പുറത്തുവന്ന് ഒരു മാസമായിട്ടും ഇതുവരെയും അന്വേഷണം നടത്തിയില്ലെന്നും മന്ത്രിക്കെതിരെ നടപടികളൊന്നും എടുത്തില്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പാർലമെൻറിൽ കേന്ദ്രത്തിനെതിരേയും പ്രധാനമന്ത്രിക്കെതിരേയും രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഗോവ മന്ത്രി വിശ്വജിത് റാണെയുടെ ഒരു ടെലിഫോൺ ശബ്ദരേഖ പുറത്തുവന്നിരുന്നു.