ഹർത്താൽ നിയന്ത്രണ ബിൽ നിയമസഭ പാസാക്കാണമെന്ന് രേമശ് ചെന്നിത്തല; വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി

Jaihind Webdesk
Monday, January 28, 2019

RameshChennithala-sabha-inside

അനാവശ്യ ഹർത്താലുകൾക്കെതിരെ സർവ്വകക്ഷി യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മിന്നൽ ഹർത്താലുകൾ നിരോധിക്കണമെന്ന് ഭരണ പ്രതിപക്ഷാംഗങ്ങൾ സഭയിൽ ഉന്നയിച്ചതിനെ തുടർന്നാണ് തീരുമാനം. അതേ സമയം ഹര്‍ത്താല്‍ നിയന്ത്രണബില്‍ എന്ത് കൊണ്ട് നടപ്പാക്കാന്‍ സർക്കാർ തയ്യാറാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

നിരന്തരമുണ്ടാകുന്ന അനവാശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ചോദ്യത്തോരവേളയില്‍ പ്രതിപക്ഷ എംഎൽഎ പി.കെ ബഷീർ ഇക്കാര്യം ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി യുഡിഎഫ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

അതേസമയം യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഹര്‍ത്താല്‍ നിയന്ത്രണബില്‍ എന്ത് കൊണ്ട് നടപ്പാക്കാന്‍ സർക്കാർ തയ്യാറാവുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

ആദ്യം സഭയ്ക്ക് പുറത്തു സര്‍വകക്ഷിയോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും ഇതിനുശേഷം ഇക്കാര്യത്തില്‍ ബില്‍ കൊണ്ടു വരുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. കേരളത്തിന്‍റെ ഇതുവരെയുള്ള വികസനത്തില്‍ ഒരു പങ്കുംവഹിക്കാത്ത ചിലര്‍ കേരളത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പ് തടയാനുള്ള ശ്രമം നടത്തുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.