ബുലന്ദ്ഷഹര്‍ കൊലപാതകം; കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ മൊബൈല്‍ ഫോണ്‍ പ്രധാന പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി

Jaihind Webdesk
Sunday, January 27, 2019

Cow-Slaughter-Subodh

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ പോലീസുദ്യോഗസ്ഥന്‍റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പോലീസുകാരനെതിരെ വെടിയുതിര്‍ത്തു എന്ന് കരുതപ്പെടുന്ന പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്.

സംഭവം നടന്ന് ഏകദേശം രണ്ട് മാസങ്ങള്‍ പിന്നിടുമ്പോഴാണ് കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്‍റെ ഫോണ്‍ കണ്ടെടുക്കുന്നത്. ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം നടന്നത്. ബുലന്ദ്ഷഹര്‍ ജില്ലയിലെ സിയാന പ്രദേശത്ത് കശാപ്പ് ചെയ്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് സുബോധ് കുമാര്‍ സിംഗ് എന്ന പോലീസുദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്. കലാപത്തില്‍ സുമിത് കുമാര്‍ എന്ന 20 വയസുകാരനും കൊല്ലപ്പെട്ടിരുന്നു.

കലാപത്തിനിടെ പ്രശാന്ത് നാട്ട് എന്നയാള്‍ പോലീസുദ്യോഗസ്ഥന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഡിസംബര്‍ 18ന് പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. ഡല്‍ഹിയില്‍ പാര്‍ട്ട് ടൈം ഡ്രൈവറായി ജോലി നോക്കുകയും അല്ലാത്തപ്പോള്‍ നാട്ടിലുമാണ് പ്രശാന്ത് നാട്ട് ജോലി ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ വീട്ടില്‍ ഫോണ്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്‍റെ ഫോണ്‍ കണ്ടെടുത്തത്. മറ്റ് അഞ്ച് ഫോണുകളും ഇതോടൊപ്പം കണ്ടെത്തിയതായും പോലീസ് അറിയിച്ചു. ഈ ഫോണുകളിലെ കോള്‍ വിവരങ്ങള്‍ മുതലായവ വിശദമായി പരിശോധിക്കാന്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.

കൊലപാതകത്തിനുപയോഗിച്ച തോക്ക് ഇപ്പോഴും പോലീസിന് കണ്ടെത്താനായിട്ടില്ല. ഇതിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. കലാപവുമായി ബന്ധപ്പെട്ട് സിയാന്‍ പോലീസ് സ്റ്റേഷനില്‍ കണ്ടാലറിയാവുന്ന 80 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, കലാപമുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതുവരെ 38 പേരെ പോലീസ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബജരംഗ്ദള്‍ ബുലന്ദ്ഷഹര്‍ യൂണിറ്റ് കണ്‍വീനര്‍ യോഗേഷ് രാജ്, ബി.ജെ.പി യുവമോര്‍ച്ച സിയാന യൂണിറ്റ് തലവന്‍ ഷിഖര്‍ അഗര്‍വാള്‍, പോലീസുദ്യോഗസ്ഥനെ ആദ്യം ആക്രമിച്ച, സൈനികരായ ജീതേന്ദര്‍ മാലിക്, കാലുവ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

കൊലപാതകത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രതികരണം വിവാദമായിരുന്നു.  പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട ആക്രമണത്തിലല്ല, ആകസ്മികമാണെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനെതിരെ കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്‍റെ മക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ യോഗി സര്‍ക്കാരിനെ തങ്ങള്‍ക്ക് വിമര്‍ശിക്കേണ്ടിവരുമെന്നും ഇവര്‍ വ്യക്തമാക്കി.