
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി നൂറിലധികം സീറ്റുകള്‍ നേടി കരുത്തുറ്റ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനവികാരം കൃത്യമായി ബോധ്യമുണ്ടെന്നും യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ സര്‍വ്വേകളിലെല്ലാം യുഡിഎഫ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. തട്ടിക്കൂട്ടിയ ചില പ്രാദേശിക സര്‍വ്വേകളുടെ ഫലമല്ല ഞാന്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് തവണ കേരളം മുഴുവന്‍ ചുറ്റിസഞ്ചരിച്ച വ്യക്തിയാണ് ഞാന്‍. ജനങ്ങള്‍ക്കിടയിലെ മാറ്റം എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്. യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടും എന്നതില്‍ യാതൊരു സംശയവുമില്ല.’ കേരളത്തിലെ വോട്ടര്‍മാര്‍ രാഷ്ട്രീയ ബോധമുള്ളവരാണെന്നും പ്രബുദ്ധമായ ചിന്താഗതിയോടെയാണ് അവര്‍ വോട്ട് രേഖപ്പെടുത്തുന്നതെന്നും സതീശന്‍ പറഞ്ഞു. ഭരണമാറ്റത്തിനായുള്ള കൃത്യമായ രാഷ്ട്രീയ നിലപാട് ബാലറ്റില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് അധികൃതര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരുടെ വോട്ടവകാശം ഉറപ്പാക്കുന്നതില്‍ വന്ന പാകപ്പിഴകളെ അദ്ദേഹം സൂചിപ്പിച്ചു. ജനാധിപത്യ പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്നും വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആരും ഈ അവകാശം വിനിയോഗിക്കാതിരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.