കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വിധി നിര്‍ണ്ണയിക്കാന്‍ 2.71 കോടി വോട്ടര്‍മാര്‍; പോളിംഗ് ബൂത്തുകളില്‍ വന്‍ സജ്ജീകരണം

Jaihind News Bureau
Thursday, April 9, 2026

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന നിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 2.71 കോടി വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 23 ദിവസം നീണ്ടുനിന്ന വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണത്തിനൊടുവില്‍ 883 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെ തുടരും. 30,495 ബൂത്തുകളിലായി വിപുലമായ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ പ്രധാന മൂന്ന് മുന്നണികളെ സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പ് അതിനിര്‍ണ്ണായകമാണ്. ഇടതുപക്ഷം ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായ കേരളത്തില്‍, ഭരണത്തുടര്‍ച്ച ഉറപ്പാക്കുക എന്നതാണ് എല്‍.ഡി.എഫിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ പത്ത് വര്‍ഷത്തെ പ്രതിപക്ഷ പ്രവര്‍ത്തനത്തിന് ശേഷം സംസ്ഥാന ഭരണത്തിലേക്ക് ശക്തമായി തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. അതേസമയം, ശക്തമായ മത്സരം കാഴ്ചവെച്ചുകൊണ്ട് നിയമസഭയില്‍ അക്കൗണ്ട് തുറക്കാനും സാന്നിധ്യം ഉറപ്പിക്കാനുമാണ് എന്‍.ഡി.എ കച്ചകെട്ടിയിരിക്കുന്നത്.

സുരക്ഷാ കാര്യങ്ങളില്‍ അതീവ ജാഗ്രതയാണ് ഇത്തവണ പുലര്‍ത്തുന്നത്. സംസ്ഥാനത്തെ 2500 പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും അധിക സുരക്ഷാ സേനയേയും വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വെബ്കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൃത്യം ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമെങ്കിലും, ആ സമയത്ത് ക്യൂവിലുള്ള മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി പ്രത്യേക ടോക്കണ്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വരിയുടെ ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന ആള്‍ക്ക് ഒന്നാം നമ്പര്‍ ടോക്കണും അവിടെനിന്ന് മുന്നോട്ട് ക്രമത്തില്‍ ടോക്കണുകള്‍ വിതരണം ചെയ്യും. വരിയുടെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആള്‍ക്കായിരിക്കും അവസാനത്തെ നമ്പര്‍ ടോക്കണ്‍ ലഭിക്കുക. ഇത്തരത്തില്‍ ടോക്കണ്‍ ലഭിക്കുന്ന എല്ലാവര്‍ക്കും തങ്ങളുടെ വോട്ട് രേഖപ്പെടുത്താമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.