
ഇറാനില്‍ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇറാന്റെ ആണവ-മിസൈല്‍ പദ്ധതികളെച്ചൊല്ലിയുള്ള ദീര്‍ഘകാല തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് ആക്രമണം നടന്നത്. ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലകളിലുള്‍പ്പെടെ ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന് സമീപമാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് തൊട്ടുമുമ്പ് ഖമനേയിയെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേലിന് നേരെയുള്ള ഭീഷണികള്‍ ഇല്ലാതാക്കാനാണ് ഇത്തരമൊരു നീക്കമെന്നും മാസങ്ങളോളം നീണ്ട കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കി.
ആക്രമണത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയിലുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രായേലും ഇറാനും തങ്ങളുടെ വ്യോമപാതകള്‍ സിവില്‍ വിമാനങ്ങള്‍ക്കായി അടച്ചു. ടെഹ്റാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ വ്യാപാരം നിര്‍ത്തിവയ്ക്കുകയും രാജ്യത്ത് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇസ്രായേലില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും പൊതുജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറാന്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ഇസ്രായേലില്‍ പലയിടങ്ങളിലും സൈറണുകള്‍ മുഴങ്ങി.
കഴിഞ്ഞ ജൂണില്‍ നടന്ന 12 ദിവസത്തെ വ്യോമയുദ്ധത്തിന് ശേഷം മേഖലയില്‍ നിലനിന്നിരുന്ന സംഘര്‍ഷം ഈ ആക്രമണത്തോടെ പുതിയ തലത്തിലെത്തിയിരിക്കുകയാണ്. ഫെബ്രുവരിയില്‍ അമേരിക്കയും ഇറാനും തമ്മില്‍ ആരംഭിച്ച നയതന്ത്ര ചര്‍ച്ചകള്‍ ഇതോടെ അനിശ്ചിതത്വത്തിലായി. തങ്ങളെ ആക്രമിക്കാന്‍ സൗകര്യം നല്‍കുന്ന അയല്‍രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍, വരും ദിവസങ്ങളില്‍ മേഖലയില്‍ വലിയ തോതിലുള്ള സൈനിക നീക്കങ്ങള്‍ ഉണ്ടായേക്കാമെന്ന് വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.