
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചു. ദ്വാരപാലക ശില്പി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യത്തിന് വഴിതെളിഞ്ഞത്. എന്നാല്‍, കട്ടിളപ്പാളി കേസിലും പ്രതിയായതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നിലവില്‍ ജയിലിന് പുറത്തിറങ്ങാന്‍ കഴിയില്ല.
അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കെ, കേസില്‍ ഇഡി നടത്തുന്ന ഇടപെടലുകളെ രൂക്ഷമായ ഭാഷയിലാണ് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ വിമര്‍ശിച്ചത്. ശബരിമലയിലെ ഏത് കാലത്തെയും അന്വേഷണത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഇഡിയുടെ നീക്കങ്ങള്‍ ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു.
‘പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം ഏറെ തൃപ്തികരമാണ്. എന്നാല്‍ ഇതിനിടയില്‍ ഇഡി വരുന്നത് എന്തിനാണെന്ന് സംശയമുണ്ട്. ഇഡിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടതാണ്. മുന്‍പ് മുഖ്യമന്ത്രിക്കെതിരായ കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥന്‍ പോലും കൈക്കൂലി കേസില്‍ പുറത്തായതാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണ് ഇടിയുടേത്,’ മന്ത്രി ആരോപിച്ചു. എസ്ഐടി കേസ് ഭംഗിയായി അന്വേഷിക്കുന്നുണ്ടെന്നും വഴി പറഞ്ഞു കൊടുക്കാന്‍ ഇഡി വരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി മേല്‍നോട്ടത്തില്‍ എസ്ഐടി ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കുമ്പോള്‍, ‘ഓപ്പറേഷന്‍ ഷാഡോ’ എന്ന പേരില്‍ ഇഡി സാമ്പത്തിക ഇടപാടുകളിലേക്ക് കടന്നത് വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ പോരിന് വേദിയൊരുക്കും.