ശബരിമല സ്വര്‍ണ്ണക്കൊള്ള: എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

Jaihind News Bureau
Monday, January 5, 2026

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച നാലാമത്തെ ഇടക്കാല റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്പി ശശിധരന്‍ കോടതിയില്‍ നേരിട്ട് ഹാജരായാണ് റിപ്പോര്‍ട്ട് നല്‍കുക.

കേസില്‍ വന്‍തോക്കുകളിലേക്ക് അന്വേഷണം നീളാത്തതിനെ മുന്‍പ് കോടതി വിമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടര്‍നടപടികള്‍ റിപ്പോര്‍ട്ടിലുണ്ടാകും. ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതിലെ വിവരങ്ങള്‍ കോടതിയെ അറിയിക്കും. പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് കേസിലുള്ള പങ്കിനെക്കുറിച്ച് ചെന്നൈ വ്യാപാരി ഡി. മണിയെ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളും അന്വേഷണസംഘം സമര്‍പ്പിക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജനുവരി 17 വരെയാണ് കോടതി നിലവില്‍ സമയം അനുവദിച്ചിരിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. പി. ശങ്കര്‍ദാസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളുന്ന വേളയില്‍ ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ശങ്കര്‍ദാസിന്റെ ആവശ്യം. തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2019-ലെ ബോര്‍ഡ് അംഗങ്ങളായിരുന്ന ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവര്‍ക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.