ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഏഴ് മരണം; 162 പേര്‍ ചികിത്സയില്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Jaihind News Bureau
Thursday, January 1, 2026

 

ഇന്‍ഡോര്‍: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടര്‍ച്ചയായി എട്ടുതവണ നേടിയ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഏഴ് മരണം. നഗരത്തിലെ ഭഗീരഥ്പുര പ്രദേശത്താണ് ദാരുണമായ സംഭവം ഉണ്ടായത്. വ്യാപകമായ രോഗബാധയെത്തുടര്‍ന്ന് നഗരത്തിലെ വിവിധ ആശുപത്രികളിലായി 162 പേര്‍ ചികിത്സയിലാണ്. ഇതില്‍ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടിവെള്ള വിതരണ പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയിലൂടെ മലിനജലം കലര്‍ന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഭഗീരഥ്പുരയിലെ പ്രധാന പൈപ്പ് ലൈനിന് സമീപമുള്ള ശൗചാലയത്തില്‍ നിന്നുള്ള മലിനജലം പൈപ്പിലെ വിള്ളലിലൂടെ കുടിവെള്ളത്തില്‍ കലരുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വയറിളക്കവും ഛര്‍ദ്ദിയുമായി ആളുകള്‍ കൂട്ടത്തോടെ ആശുപത്രികളില്‍ എത്തിയത്.

സംഭവത്തില്‍ ഗുരുതരമായ അലംഭാവം കണ്ടെത്തിയതിനെത്തുടര്‍ന്ന് നഗരസഭാ സോണല്‍ ഓഫീസര്‍ ഷാലിഗ്രാം സിതോള്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ യോഗേഷ് ജോഷി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സബ് എന്‍ജിനീയര്‍ ശുഭം ശ്രീവാസ്തവയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.

മുഖ്യമന്ത്രി മോഹന്‍ യാദവ് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പ്രദേശത്തെ 7,992 വീടുകളില്‍ ആരോഗ്യവകുപ്പ് സര്‍വ്വേ പൂര്‍ത്തിയാക്കി. പരിശോധിച്ച 39,000-ത്തോളം പേരില്‍ 2,456 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് സംശയമുണ്ട്. ഇവര്‍ക്ക് ആവശ്യമായ സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.