ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ എസ്‌ഐടി കസ്റ്റഡിയില്‍; ഒരുമിച്ച് ചോദ്യം ചെയ്യും

Jaihind News Bureau
Wednesday, December 31, 2025

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്‍ എന്നിവരെ കോടതി എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി പ്രതികളെ കസ്റ്റഡിയില്‍ നല്‍കിയത്.

കൊള്ളയടിക്കപ്പെട്ട സ്വര്‍ണ്ണപ്പാളികള്‍ എത്തിച്ചതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും, അത് വേര്‍തിരിച്ചെടുത്തതില്‍ പങ്കജ് ഭണ്ഡാരിക്കും, സ്വര്‍ണ്ണം വാങ്ങിയതില്‍ ഗോവര്‍ദ്ധനും തുല്യ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. സ്വര്‍ണ്ണം എവിടെയെല്ലാം എത്തിയെന്നതിനൊപ്പം കൊള്ളയില്‍ സര്‍ക്കാരിലെയും രാഷ്ട്രീയ നേതൃത്വത്തിലെയും ഉന്നതരുടെ സഹായം പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടാതെ, അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യവും സംഘം നിരീക്ഷിച്ചു വരികയാണ്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തതിന് ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അടൂര്‍ പ്രകാശിലേക്കും കടകംപള്ളി സുരേന്ദ്രന്റെ മൊഴിയിലെ തുടനടപടികളിലേക്കും അന്വേഷണസംഘം കടക്കുക. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് വേര്‍തിരിച്ചെടുത്ത ശബരിമലയിലെ സ്വര്‍ണ്ണം ആര്‍ക്കൊക്കെ വിറ്റുവെന്ന കാര്യത്തിലും ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുത്താന്‍ എസ്‌ഐടി ലക്ഷ്യമിടുന്നു.