
ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ ‘പുഷ്പ 2’ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പ്രമുഖ നടൻ അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു. ഹൈദരാബാദ് പോലീസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. അപകടം നടന്ന സന്ധ്യ തിയേറ്ററിന്റെ ഉടമയാണ് കേസിലെ ഒന്നാം പ്രതി. അല്ലു അർജുനെ കൂടാതെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും (ബൗൺസർമാർ) കുറ്റപത്രത്തിൽ പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
2024 ഡിസംബർ 4-നായിരുന്നു സിനിമാ ലോകത്തെ നടുക്കിയ ഈ ദുരന്തം നടന്നത്. തിയേറ്ററിലേക്ക് അല്ലു അർജുൻ എത്തിയതോടെ ആരാധകർ തടിച്ചുകൂടുകയും തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെടുകയുമായിരുന്നു. രേവതിയുടെ മകന് സംഭവത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ദുരന്തം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് കേസിൽ നിർണ്ണായകമായ കുറ്റപത്രം സമർപ്പിക്കപ്പെടുന്നത്.
സംഭവദിവസം അല്ലു അർജുന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ കൈകാര്യം ചെയ്ത രീതിയും മരിച്ച രേവതിയെ തൂക്കിയെടുത്ത് മാറ്റുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്റെ സെക്യൂരിറ്റി മാനേജറെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതും അപകടത്തിന് കാരണമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതുമാണ് താരത്തിനെതിരെയുള്ള ആരോപണങ്ങൾ.
അപകടവുമായി ബന്ധപ്പെട്ട് 2024 ഡിസംബർ 13-ന് അല്ലു അർജുനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിറ്റേന്ന് തന്നെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടർന്ന് അദ്ദേഹം പുറത്തിറങ്ങി. തിയേറ്റർ മാനേജ്‌മെന്റിന്റെ വീഴ്ചകളും അല്ലു അർജുന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ അപാകതകളും കുറ്റപത്രത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.