ശബരിമലയ്ക്ക് പിന്നാലെ പത്മനാഭസ്വാമി ക്ഷേത്രത്തിലും വിഗ്രഹക്കടത്തിന് നീക്കം; ഡി. മണി സംഘത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രവാസി വ്യവസായി

Jaihind News Bureau
Thursday, December 25, 2025

 


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അതീവ ഗൗരവകരമായ വെളിപ്പെടുത്തലുകളുമായി പ്രവാസി വ്യവസായി. ഡി. മണിയെയും സംഘത്തെയും തനിക്ക് പരിചയപ്പെടുത്തിയത് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി അടുത്ത ബന്ധമുള്ളവര്‍ എന്ന നിലയിലാണെന്ന് വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ശബരിമലയ്ക്ക് പുറമെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കടത്താനും സംഘം പദ്ധതിയിട്ടിരുന്നതായി മൊഴിയിലുണ്ട്. വിഗ്രഹങ്ങള്‍ കടത്തുന്നതിനായി വന്‍ തുകയുമായി ഈ സംഘം ഇപ്പോഴും സജീവമാണെന്നും വ്യവസായി വെളിപ്പെടുത്തി. ഡി. മണി എന്നറിയപ്പെടുന്നത് ദിണ്ടിഗല്‍ സ്വദേശി ബാലമുരുകന്‍ ആണെന്ന് എസ്.ഐ.ടി സ്ഥിരീകരിച്ചു. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വിരുത് നഗര്‍ സ്വദേശി ശ്രീകൃഷ്ണനെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കേസ് അട്ടിമറിക്കാന്‍ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ എം.ആര്‍. അജയന് ഹൈക്കോടതി 10,000 രൂപ പിഴ ചുമത്തി. എ.ഡി.ജി.പിമാരായ പി. വിജയന്‍, എസ്. ശ്രീജിത്ത്, ഐ.ജി ഹരിശങ്കര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജിയിലെ ആരോപണം.

ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരനോ അഭിഭാഷകനോ ഹാജരാകാത്തതും, സമാനമായ രീതിയില്‍ മറ്റ് രണ്ട് കേസുകളിലും കക്ഷി ചേരാന്‍ അപേക്ഷ നല്‍കി കോടതി സമയം ദുരുപയോഗം ചെയ്തതും ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പിഴ വിധിച്ചത്.