
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് പിന്നാലെ സിപിഎമ്മിന് പിന്നാലെ ബിജെപിയിലും ചേരിതിരിവും ആഭ്യന്തര തര്‍ക്കങ്ങളും രൂക്ഷമാകുന്നു. കണ്ണൂരില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അണികള്‍ സജീവമായി രംഗത്തിറങ്ങിയെങ്കിലും നേതാക്കള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപം യോഗത്തില്‍ ശക്തമായി ഉയര്‍ന്നു.
സംസ്ഥാനത്തെ പലയിടങ്ങളിലുമുണ്ടായ ദയനീയ പ്രകടനത്തിന് കാരണം നേതാക്കളുടെ പിടിപ്പുകേടാണെന്നാണ് യോഗത്തിന്റെ പൊതുവികാരം. പാര്‍ട്ടി മെഷിനറിയെ ഏകോപിപ്പിക്കുന്നതിലും ‘ഇലക്ഷന്‍ മാനേജ്മെന്റിലും’ നേതൃത്വം അമ്പേ പരാജയപ്പെട്ടതായി അംഗങ്ങള്‍ കുറ്റപ്പെടുത്തി. വിജയസാധ്യതയുള്ള പല മണ്ഡലങ്ങളിലും വോട്ടുകള്‍ സമാഹരിക്കാന്‍ നേതാക്കള്‍ക്ക് സാധിച്ചില്ലെന്നും, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതില്‍ സംഭവിച്ച പാളിച്ചകള്‍ തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു.
അതേസമയം, തിരുവനന്തപുരം നഗരസഭയിലെ മേയര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം ബിജെപിയില്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്. നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ഭരണം ഉറപ്പിക്കുകയും ചെയ്‌തെങ്കിലും, മേയര്‍ കസേരയിലേക്ക് ആരെത്തണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്. നേതാക്കള്‍ക്കിടയിലെ വിഭിന്ന നിലപാടുകള്‍ കാരണം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളൊന്നും ഫലം കണ്ടിരുന്നില്ല. അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ തര്‍ക്കവും സംസ്ഥാന സമിതിയിലെ വിമര്‍ശനങ്ങളും ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ പരസ്യമായത് അണികള്‍ക്കിടയിലും വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.