യൂണിവേഴ്‌സിറ്റി പുറത്താക്കിയ പ്രിന്‍സിപ്പലിനെ ഒഴിവാക്കാന്‍ മാനേജ്‌മെന്റിന് മടി; യോഗ്യതയില്ലാത്ത പ്രിന്‍സിപ്പലിന് കീഴില്‍ പഠിക്കാനില്ല; ആലപ്പുഴ എസ്.ഡി.വി കോളേജില്‍ കെ.എസ്.യു അനിശ്ചിതകാല സമരത്തിലേക്ക്

Jaihind Webdesk
Thursday, January 17, 2019

ആലപ്പുഴ: മതിയായ യോഗ്യതയില്ല എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി പുറത്താക്കിയ സ്വാശ്രയ കോളേജ് പ്രിന്‍സിപ്പലിനെ ഒഴിവാക്കാന്‍ കോളേജ് മാനേജ്‌മെന്റിന് മടി. ആലപ്പുഴ എസ്.ഡി.വി കോളേജിലെ പ്രിന്‍സിപ്പല്‍ ചുമതല വഹിച്ചിരുന്ന ബാലാംബികയെയാണ് യോഗ്യത ഇല്ലാത്തതിനാല്‍ പുറത്താക്കിയത്. കെ.എസ്.യു പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള യൂണിവേഴ്സിറ്റി നടത്തിയ അന്വേഷണത്തിലാണ് ബാലാംബികയ്ക്ക് പ്രിന്‍സിപ്പലായിരിക്കാന്‍ മതിയായ യോഗ്യതകളില്ലെന്ന് കണ്ടെത്തിയത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു മേനേജ്മന്റ് ബാലാംബികയെ പ്രിന്‍സിപ്പല്‍ സ്ഥാനത്തേയ്ക്ക് നിയമിച്ചിരുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് ഒരുമാസം കൂടി സമയം അനുവദിച്ചാലെ പ്രിന്‍സിപ്പലിനെ മാറ്റി നിയമിക്കാന്‍ ആകൂവെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഇതുസംബന്ധിച്ച് കെ.എസ്.യു ആലപ്പുഴ ജില്ല സെക്രട്ടറി അനന്ദ നാരായണന്‍, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയുമായ ആര്‍.എസ്. അക്ഷയ് എന്നിവര്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്ത നിലപാടാണ് കൈക്കൊണ്ടത്. ഇതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിലേക്ക് കെ.എസ്.യു നീങ്ങിയത്. വ്യാഴാഴ്ച്ച ഉച്ചക്കുമുതല്‍ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. വെള്ളിയാഴ്ച്ച രാവിലെ എട്ടരമുതല്‍ കോളേജിന്റെ പ്രധാനകവാടം ഉപരോധിച്ചുകൊണ്ടാണ് കെ.എസ്.യു പ്രതിഷേധം.


എന്നാല്‍ അധ്യാപികയായി പ്രവൃത്തി പരിചയമില്ലാത്ത പ്രിന്‍സിപ്പലിന്റെ നടപടികള്‍ക്കെതിരെ ഇതിന് മുമ്പും പല തവണ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. പ്രളയം നേരിട്ട സമയത്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം സെമസ്റ്റര്‍ ഫീസ് വാങ്ങിയ വിഷയത്തിലും കെ.എസ്.യു പ്രവര്‍ത്തകരുടെ പരാതിയില്‍ യുണിവേഴ്സിറ്റി ഇവരെ താക്കീത് ചെയ്തിരുന്നു. കേരളാ യൂണിവേഴ്സിറ്റിയില്‍ കെ.എസ്.യു നല്‍കിയ പരാതിയെ തുടന്നുണ്ടായ അന്വേഷണത്തില്‍ അധ്യാപികയ്ക്ക് പ്രിന്‍സിപ്പാലായി തുടരാനുള്ള യോഗ്യത ഇല്ലാ എന്ന് തെളിയുകയും ആയതിനാല്‍ ഉടന്‍ തന്നെ മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയൊരു പ്രിന്‍സിപ്പാലിനെ നിയമിക്കണമെന്നും കേരളാ യൂണിവേഴ്സിറ്റി മാനേജ്മന്റിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.