
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലാ വിസിയായി സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലാ വിസിയായി സജി ഗോപിനാഥിനെയും നിയമിക്കാനുള്ള ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും തീരുമാനത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അന്തര്‍ധാരയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. സുപ്രീംകോടതി വിധി വരുന്നതിന് മുന്‍പേ പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍പ്പാക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശമാണ് ഈ വിട്ടുവീഴ്ചയ്ക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
നേരത്തെ ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം കടന്നാക്രമിക്കാന്‍ ഉപയോഗിച്ച വ്യക്തികളെ തന്നെ ഇപ്പോള്‍ വിസിമാരായി നിയമിക്കാന്‍ തീരുമാനിച്ചത് ദുരൂഹമാണ്. ഇരുവരും വിസിമാര്‍ക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ ഇപ്പോള്‍ എവിടെപ്പോയെന്നും, ജനങ്ങളെ വിഡ്ഢികളാക്കി ഇരുവരും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
സിസാ തോമസിനെ മുന്‍പ് വിസിയായി നിയമിച്ചപ്പോള്‍ അതിനെതിരെ സിപിഎമ്മും എസ്എഫ്ഐയും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സമരങ്ങളാണ് നടത്തിയത്. അന്ന് വിദ്യാര്‍ത്ഥികളുടെ ഭാവി പോലും പണയപ്പെടുത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ച സര്‍ക്കാര്‍, ഇന്ന് അതേ സിസാ തോമസിനെ തന്നെ അംഗീകരിക്കുന്നത് വിരോധാഭാസമാണ്. അതുപോലെ സജി ഗോപിനാഥിനെ അംഗീകരിക്കില്ലെന്ന ഗവര്‍ണറുടെ പഴയ നിലപാടും ഇപ്പോള്‍ ആവിയായിപ്പോയെന്ന് കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതാണ്. അധികാര വടംവലി നടത്തിയും പിന്നീട് രഹസ്യമായി ഒത്തുതീര്‍പ്പുണ്ടാക്കിയും ഭരണഘടന സ്ഥാപനങ്ങളെ ഇവര്‍ അവഹേളിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.