മുനമ്പം ഭൂമി തര്‍ക്കം: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു; വഖഫ് കമ്മീഷന്റെ പ്രവര്‍ത്തനം തുടരും

Jaihind News Bureau
Friday, December 12, 2025

ഡല്‍ഹി: മുനമ്പത്തെ തര്‍ക്കഭൂമി വഖഫ് ഭൂമി അല്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ, മുനമ്പം ഭൂമി തര്‍ക്കം അന്വേഷിക്കുന്ന കമ്മീഷന് നടപടികളുമായി മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് തടയണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ണ്ണായക നടപടി.

വഖഫ് ആയി വിജ്ഞാപനം ചെയ്ത ഭൂമിയുടെ തര്‍ക്കം നിലവിലിരിക്കെ, വഖഫ് ട്രൈബ്യൂണലിനെ മറികടന്ന് നേരിട്ട് വിധി പറയാന്‍ ഹൈക്കോടതിക്ക് കഴിയില്ലെന്ന ഹര്‍ജിക്കാരുടെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോര്‍ഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. വഖഫ് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ വഖഫ് ട്രിബ്യുണലിന് മാത്രമേ അധികാരമുള്ളൂവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. കേസ് ആറ് ആഴ്ചകള്‍ക്ക് ശേഷം 2026 ജനുവരി 27-ന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.