അമ്മ മാത്രമേ വീട്ടിലുള്ളൂവെന്ന് പള്‍സര്‍ സുനി; പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍: കോടതിയില്‍ നാടകീയ രംഗങ്ങള്‍; ഇളവ് തേടി പ്രതികള്‍

Jaihind News Bureau
Friday, December 12, 2025

നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം തുടങ്ങി. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ചുനില്‍ക്കുമ്പോള്‍, ഇളവ് തേടിയ പ്രതികള്‍ കോടതിയില്‍ വികാരഭരിതരായി.

ഒന്നാം പ്രതിയായ പള്‍സര്‍ സുനിയാണ് പ്രധാന കുറ്റവാളിയെങ്കിലും, മറ്റുള്ളവര്‍ കുറ്റകൃത്യത്തിന് വേണ്ടി കൂട്ടായി പ്രവര്‍ത്തിച്ചതിനാല്‍ എല്ലാവര്‍ക്കും തുല്യമായ ശിക്ഷ നല്‍കണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. ഗൂഢാലോചന തെളിഞ്ഞാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പ്രതികളുടെ പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ നല്‍കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചെങ്കിലും, എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കണമെന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ചുനിന്നു. തുടര്‍ന്ന് കോടതി ആറു പ്രതികളെയും കേട്ടു. ശിക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഓരോരുത്തരും വികാരഭരിതരായി കോടതി മുറിയില്‍ അപേക്ഷിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനില്‍, അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നും അപേക്ഷിച്ചു. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും, തന്റെ പേരില്‍ മുന്‍പ് ഒരു പെറ്റിക്കേസ് പോലുമില്ലെന്നും പറഞ്ഞു.

ശിക്ഷയില്‍ ഇളവ് തേടി മിക്ക പ്രതികളും വിങ്ങിപ്പൊട്ടി. മൂന്നാം പ്രതി മണികണ്ഠന്‍ ഗൂഢാലോചനയില്‍ പങ്കില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും കുട്ടികളുമുണ്ടെന്നും പറഞ്ഞ് ഇളവ് തേടി. അഞ്ചാം പ്രതി എച്ച്. സലിം, ആറാം പ്രതി പ്രദീപ് എന്നിവരും ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നാലാം പ്രതി വിജീഷ് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും കണ്ണൂര്‍ സ്വദേശിയായതിനാല്‍ കണ്ണൂര്‍ ജയിലിലാക്കണമെന്നും അഭ്യര്‍ഥിച്ചു. ഇനി കോടതി അഭിഭാഷകരുടെ വാദം കേള്‍ക്കും.