പാര്‍ട്ടി ഭീഷണിക്ക് വഴങ്ങാതെ വിമതര്‍; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്. വിമതഭീഷണിയില്‍

Jaihind News Bureau
Monday, November 24, 2025

തിരുവനന്തപുരം കോര്‍പ്പറേഷനിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരചിത്രം തെളിഞ്ഞതോടെ ഇടതുമുന്നണിക്ക് കനത്ത വിമതഭീഷണി നേരിടുകയാണ്. മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ ശക്തരായ വിമതര്‍ രംഗത്തുള്ളതാണ് എല്‍.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നത്. പ്രധാനമായും വാഴോട്ടുകോണം, ഉള്ളൂര്‍, കാച്ചാണി, ചെമ്പഴന്തി, വിഴിഞ്ഞം എന്നീ അഞ്ച് വാര്‍ഡുകളിലാണ് സി.പി.എം. പ്രാദേശിക നേതൃത്വത്തില്‍ നിന്നുള്ള വിമത സ്ഥാനാര്‍ഥികള്‍ എല്‍.ഡി.എഫ്. വിജയസാധ്യതയെ ബാധിക്കുന്ന തരത്തില്‍ മത്സരരംഗത്തുള്ളത്.

പ്രമുഖ സി.പി.എം. നേതാക്കള്‍ തന്നെയാണ് വിമതരായി മത്സരിക്കുന്നത് എന്നതിലാണ് മുന്നണി ആശങ്കപ്പെടുന്നത്. ഉള്ളൂര്‍ വാര്‍ഡില്‍, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫുമായിരുന്ന കെ. ശ്രീകണ്ഠനാണ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നത്. അതുപോലെ, ചെമ്പഴന്തി വാര്‍ഡില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ആനി അശോകന്‍ വിമത സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. വാഴോട്ടുകോണം വാര്‍ഡില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായ കെ.വി. മോഹനനും, കാച്ചാണിയില്‍ നെട്ടയം സതീഷും, വിഴിഞ്ഞത്ത് എന്‍.എ. റഷീദും ഇടതുമുന്നണിക്കെതിരെ മത്സരരംഗത്ത് സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. സി.പി.എം. പ്രാദേശിക നേതാക്കളുടെ ഈ മത്സരം, ഈ വാര്‍ഡുകളില്‍ ഇടതുമുന്നണിയുടെ വോട്ടുകള്‍ ഭിന്നിപ്പിച്ച് യു.ഡി.എഫ്, ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുന്നണി തലത്തില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും, പലരും നിലപാട് മയപ്പെടുത്താന്‍ തയ്യാറായിട്ടില്ലാത്തത് എല്‍.ഡി.എഫിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.