
ശാസ്ത്ര ലോകത്തെ നിര്‍ണായകമായ വഴിത്തിരിവായ ഡിഎന്‍എയുടെ ഘടന കണ്ടെത്തിയ നൊബേല്‍ സമ്മാന ജേതാവ് ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ശാസ്ത്ര നേട്ടങ്ങളില്‍ ഒന്നായാണ് ഈ കണ്ടുപിടിത്തം കണക്കാക്കപ്പെടുന്നത്.
1953-ല്‍, സഹ ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ക്രിക്കിനൊപ്പം ചേര്‍ന്നാണ് ജെയിംസ് വാട്‌സണ്‍ ഡിഎന്‍എയുടെ തന്മാത്രാ ഘടന, അഥവാ പിരിയന്‍ ഗോവണി (ഡബിള്‍ ഹെലിക്സ്) രൂപം കണ്ടെത്തിയത്. ചിക്കാഗോയില്‍ ജനിച്ച വാട്‌സണ്‍ ഈ വിപ്ലവകരമായ കണ്ടെത്തല്‍ നടത്തുമ്പോള്‍ അദ്ദേഹത്തിന് വെറും 24 വയസ്സ് മാത്രമായിരുന്നു പ്രായം. ഈ കണ്ടുപിടിത്തത്തിന് ഇരുവര്‍ക്കും 1962-ല്‍ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം ലഭിച്ചു.
ഡിഎന്‍എ ഘടനയുടെ ഈ മോഡല്‍, പാരമ്പര്യ വിവരങ്ങള്‍ എങ്ങനെ സംഭരിക്കപ്പെടുന്നു, കോശ വിഭജന സമയത്ത് ഡിഎന്‍എ എങ്ങനെ പകര്‍ത്തപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള സൂചന നല്‍കി. ഇത് വൈദ്യശാസ്ത്രം, ഫോറന്‍സിക്, ജനിതക ഗവേഷണം, കുടുംബ വംശാവലി കണ്ടെത്തല്‍ തുടങ്ങിയ മേഖലകളില്‍ പുതിയ വാതിലുകള്‍ തുറന്നു. പിന്നീട്, മനുഷ്യ ജീനോം മാപ്പ് ചെയ്യുന്നതിനുള്ള പദ്ധതിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
ഒരുവശത്ത് മഹത്തായ ശാസ്ത്രജ്ഞനായി ആദരിക്കപ്പെട്ടപ്പോള്‍ തന്നെ, ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ വാട്‌സണ്‍ നടത്തിയ ചില വിവാദ പരാമര്‍ശങ്ങള്‍ ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. കറുത്ത വര്‍ഗ്ഗക്കാര്‍ വെള്ളക്കാരേക്കാള്‍ ബുദ്ധികുറഞ്ഞവരാണെന്ന് സൂചിപ്പിക്കുന്ന വംശീയ അധിക്ഷേപകരമായ പ്രസ്താവന അദ്ദേഹം ലണ്ടനിലെ സണ്‍ഡേ ടൈംസ് മാഗസിനില്‍ നടത്തി.
‘ആഫ്രിക്കയുടെ ഭാവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ദുഖമുണ്ട്. നമ്മുടെ എല്ലാ നയങ്ങളും അവരുടെ ബുദ്ധിശക്തി നമ്മുടേത് പോലെയാണെന്ന ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാവരും തുല്യരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, കറുത്ത വര്‍ഗ്ഗക്കാരായ ജീവനക്കാരുമായി ഇടപെഴകുന്ന ആളുകള്‍ക്ക് ഇത് സത്യമല്ലെന്ന് മനസ്സിലാകും.’
ഈ പ്രസ്താവനയെ തുടര്‍ന്ന് ലോകവ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ന്യൂയോര്‍ക്കിലെ കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലബോറട്ടറിയിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാഴ്ചയ്ക്ക് ശേഷം വിരമിക്കുകയും ചെയ്തു.
പിന്നീട് മാപ്പ് പറഞ്ഞെങ്കിലും, 2019-ല്‍ ഒരു ഡോക്യുമെന്ററിയില്‍ തന്റെ കാഴ്ചപ്പാടുകള്‍ മാറിയിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇതിനെത്തുടര്‍ന്ന് കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലാബ് അദ്ദേഹത്തിന് നല്‍കിയിരുന്ന ഓണററി പദവികള്‍ റദ്ദാക്കുകയും, അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ‘ആക്ഷേപകരവും ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്തതും’ ആണെന്ന് പ്രസ്താവിക്കുകയും ചെയ്തു.