
കൊച്ചി: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള ഒരു ലക്ഷം കോടി രൂപയുടെ കുടിശ്ശിക മറച്ചുവെച്ചാണ് ഈ നടപടികളെന്നും അദ്ദേഹം ആരോപിച്ചു.
2500 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നാലര വര്‍ഷമായി വര്‍ദ്ധിപ്പിക്കാതെ, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 400 രൂപ (2000 രൂപയായി) കൂട്ടിയത് ജനങ്ങളെ കബളിപ്പിക്കാനാണ്. ഈ വര്‍ധനവ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയുണ്ട്. ദിവസ വേതനം 700 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട ആശാ വര്‍ക്കര്‍മാര്‍ക്ക് 1000 രൂപ വര്‍ദ്ധിപ്പിച്ചത് (ദിവസം 33 രൂപ) അവരെ അപമാനിക്കുന്നതിന് തുല്യമാണ്. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സര്‍ക്കാര്‍ നല്‍കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ്. ക്ഷേമനിധി പെന്‍ഷനുകളും കാരുണ്യ പദ്ധതിയുടെ കുടിശ്ശികയും ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ 18 മാസത്തോളമായി മുടങ്ങിക്കിടക്കുന്നു.
മന്ത്രിസഭയും മുന്നണിയും അറിയാതെ പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനു ശേഷമാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്. ഇത് സി.പി.ഐയെ കബളിപ്പിക്കാന്‍ വേണ്ടിയാണ്. കരാറില്‍ നിന്ന് പിന്മാറാന്‍ മുഖ്യമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണെന്നും എന്ത് സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിക്കുണ്ടായതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കലൂര്‍ സ്റ്റേഡിയം ഒരു കരാറും ഇല്ലാതെ സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുനല്‍കിയ നടപടിയില്‍ ദുരൂഹതയുണ്ട്. ആര്‍ക്കാണ് സ്റ്റേഡിയം വിട്ടുനല്‍കിയത്, ആരുമായാണ് കരാര്‍? എന്ന് കായിക വകുപ്പും ജി.സി.ഡി.എയും വ്യക്തമാക്കണം.
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്.ഐ.ആര്‍. അടിച്ചേല്‍പ്പിക്കുന്നതിലൂടെ വോട്ടര്‍പട്ടിക കളങ്കിതമാക്കാന്‍ ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പി. ഏജന്റിനെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് 2026-ല്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.