
തിരുവനന്തപുരം: ഓണറേറിയം വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ തങ്ങളുടെ പ്രതിഷേധം പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലേക്ക് വ്യാപിപ്പിക്കുന്നു. ‘ആശ സമരത്തെ അവഹേളിച്ച സര്‍ക്കാരിന് വോട്ടില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ഓരോ വാര്‍ഡിലും ക്യാമ്പയിനുമായി ഇറങ്ങാനാണ് ആശാ വര്‍ക്കര്‍മാരുടെ തീരുമാനം. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി, കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പ്രതിജ്ഞാ റാലി സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. ഈ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധതയും തൊഴിലാളി വിരുദ്ധതയും സമരത്തിലൂടെ തുറന്നു കാട്ടുവാന്‍ കഴിഞ്ഞതായി സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായ ആശാ വര്‍ക്കര്‍മാര്‍ കുറഞ്ഞ ഓണറേറിയം, മതിയായ ആനുകൂല്യങ്ങളില്ലായ്മ, ജോലിഭാരം എന്നിവ ചൂണ്ടിക്കാട്ടിയാണ് മാസങ്ങളായി സമരം നടത്തുന്നത്. തുച്ഛമായ ഓണറേറിയമാണ് ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ഓണറേറിയം വര്‍ദ്ധിപ്പിക്കുക, സ്ഥിരമായി പെന്‍ഷന്‍ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിന്റെ കാതല്‍. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അധികൃതര്‍ പലതവണ അവഗണിച്ചുവെന്നും സമരത്തെ നിസ്സാരവല്‍ക്കരിച്ചുവെന്നും ആശാ വര്‍ക്കര്‍മാര്‍ ആരോപിച്ചിരുന്നു.
സമരം ശക്തമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നാമമാത്രമായ ഓണറേറിയം വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ സര്‍ക്കാരിനുള്ള അവഗണനയുടെ തെളിവാണെന്ന് ചൂണ്ടിക്കാട്ടി ആശാ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ച വര്‍ദ്ധനവ് തള്ളിക്കളയുകയായിരുന്നു. സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ്, സ്ത്രീകളടങ്ങുന്ന ഒരു വലിയ വിഭാഗം തൊഴിലാളികളെ അവഹേളിച്ച നടപടി ജനസമക്ഷം എത്തിക്കാനും വോട്ടിലൂടെ മറുപടി നല്‍കാനും ആശാ വര്‍ക്കര്‍മാര്‍ തീരുമാനിച്ചത്.