
മുംബൈ: മുംബൈയിലെ പോവായ് മേഖലയിലുള്ള സ്റ്റുഡിയോയില്‍ 17 കുട്ടികള്‍ ഉള്‍പ്പെടെ 19 പേരെ ബന്ദികളാക്കിയത് പരിഭ്രാന്തി പരത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ എല്ലാ കുട്ടികളെയും പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് വിജയകരമായി രക്ഷപ്പെടുത്തി. പോലീസ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ അക്രമി പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരിച്ചു. സംഭവസ്ഥലത്ത് നിന്ന് എയര്‍ ഗണ്ണുകളും രാസവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രതി ഒറ്റയ്ക്കായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ആക്ടിംഗ് ക്ലാസുകള്‍ പതിവായി നടക്കുന്ന ആര്‍.എ. സ്റ്റുഡിയോയിലാണ് സംഭവം നടന്നത്. കുട്ടികളെ ബന്ദികളാക്കിയത് രോഹിത് ആര്യ എന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ സ്റ്റുഡിയോയിലെ ജീവനക്കാരനാണ്. ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നയാളുമാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ എന്തിനാണിയാള്‍ ഇതു ചെയ്തത് എന്ന് അറിവായിട്ടില്ല.
കഴിഞ്ഞ അഞ്ചു ദിവസമായി സ്റ്റുഡിയോയില്‍ കുട്ടികളുടെ ഓഡിഷനുകള്‍ നടക്കുന്നുണ്ടായിരുന്നു. ഇന്നും രാവിലെ ഓഡിഷനായി ഏകദേശം 100 കുട്ടികള്‍ എത്തിയിരുന്നു. ഇവരില്‍പ്പെട്ട 20 കുട്ടികളെയാണ് ഇയാള്‍ സ്റ്റുഡിയോയില്‍ തടഞ്ഞുവെച്ചത്. രോഹിത് ആര്യ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍, ചില വ്യക്തികളുമായി സംസാരിക്കുന്നതിനായി കുട്ടികളെ ബന്ദികളാക്കാന്‍ താന്‍ ‘ഒരു പദ്ധതി തയ്യാറാക്കി’ എന്ന് അവകാശപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള പ്രകോപനം തന്നെ കൂടുതല്‍ ആക്രമണകാരിയാക്കുമെന്നും, ഇയാള്‍ മുന്നറിയിപ്പ് നല്‍കി.താന്‍ ഒറ്റയ്ക്കല്ല; എനിക്കൊപ്പം മറ്റ് ആളുകളുമുണ്ട്. പ്രതി വീഡിയോയില്‍ പറഞ്ഞു.
ഒരു മണിക്കൂറിലധികം നീണ്ട ഈ നാടകീയ സാഹചര്യം രോഹിത് ആര്യയെ അറസ്റ്റ് ചെയ്തതോടെയാണ് അവസാനിച്ചത്. ബാത്ത്‌റൂം വഴി ബലപ്രയോഗത്തിലൂടെയാണ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തിലേക്ക് പ്രവേശിച്ചത്. സംഭവസ്ഥലത്ത് നിന്ന് എയര്‍ ഗണ്ണുകളും രാസവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. എല്ലാ കുട്ടികളും സുരക്ഷിതരാണ്.